കേരളം ഇന്ത്യയ്ക്ക് പുറത്താണോ? കേന്ദ്രസഹായം ലഭിച്ചാലും ഇല്ലെങ്കിലും എല്ലാവരെയും നല്ല രീതിയിൽ പുനരധിവസിപ്പിക്കും, മുഖ്യമന്ത്രി
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടകൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായപ്പോൾ കേന്ദ്രം കേരളത്തെ പരിഗണിച്ചില്ല. വയനാട് ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സഹായങ്ങൾ വേണം. വയനാടിന് ശേഷം പ്രശ്നങ്ങളുണ്ടായ സംസ്ഥാനങ്ങളിൽ കേന്ദ്രം സഹായം അനുവദിച്ചിട്ടുണ്ട്. അത് നല്ല കാര്യം, പക്ഷെ കേരളത്തിനും സഹായം വേണം.കേരളത്തിന് എന്ത് കുറവാണുള്ളത് ഇന്ത്യയ്ക്ക് പുറത്തല്ലലോയെന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു. ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
കേരളം രാജ്യത്തിന് നൽകുന്ന വലിയ സംഭാവനകൾ കേന്ദ്രം മറക്കരുത്. കേന്ദ്രസഹായം ലഭിച്ചാലും ഇല്ലെങ്കിലും എല്ലാവരെയും നല്ല രീതിയിൽ സംസ്ഥാന സർക്കാർ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Read Also: കേന്ദ്ര അവഗണനയിൽ പ്രതിഷേധം; വയനാട്ടിൽ നവംബർ 19 ന് എൽ.ഡി.എഫ് – യു.ഡി.എഫ് ഹർത്താൽ
എന്നാൽ ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ പിന്തുണച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരാൾ എഴുതുന്ന പുസ്തകത്തെപ്പറ്റി അയാൾ അറിയണ്ടേ? ജയരാജൻ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞല്ലോ. ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ജയരാജൻ പറഞ്ഞു.വിവാദമായ വിഷയങ്ങൾ താൻ പുസ്തകത്തിൽ എഴുതുകയോ ഇനി എഴുതാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു ഇപി വ്യക്തമാക്കിയത്. സരിനെ അറിയുമോയെന്ന് ചോദിച്ചപ്പോൾ സരിനെ എനിക്കറിയില്ല, എനിക്കറിയാത്ത ആളെ കുറിച്ച് താൻ എഴുതേണ്ട ആവശ്യമില്ല എന്നാണ് ഇപി പറഞ്ഞതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഒരു പ്രസിദ്ധീകരണശാലയുമായി ഇപി കരാർ ഒപ്പിട്ടിട്ടില്ല. എഴുതുന്നതറിഞ്ഞ് ചില പ്രസിദ്ധീകരണശാലകൾ ബന്ധപ്പെട്ടിരുന്നു.എഴുതി തീരട്ടെ നമുക്ക് ആലോചിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.എഴുതിയ ആളില്ലാതെ ഏതെങ്കിലും പുസ്തക പ്രകാശനം സാധാരണ നടക്കുമോ? മറ്റെന്തെങ്കിലും എഴുതിയ ആൾക്ക് സംഭവിച്ചാൽ നടക്കുമായിരിക്കും.ഏതെല്ലാം തരത്തിലാണ് വിവാദങ്ങൾ ഉണ്ടാക്കാൻ നോക്കുന്നത്.കൂട്ടത്തിൽ ജയരാജൻ ജാവദേക്കറുടെ കാര്യവും പറഞ്ഞു.ഒന്നര വർഷം മുൻപാണ് അദ്ദേഹം ജാവദേക്കറെ കണ്ടത്.പിന്നീട് പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം അന്ന് ജാവദേക്കർ വന്ന് കണ്ടതുപോലെയാണ് വാർത്തകൾ വന്നത്. ഇതൊക്കെ ബിജെപിയെ കഴിയുന്നത്ര സഹായിക്കാനുള്ള ശ്രമങ്ങളാണ്, അതാണ് വിവാദങ്ങളുടെ ഉന്നമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights : Chief Minister Pinarayi vijayan strongly criticized the central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here