ഝാന്‍സി ആശുപത്രിയിലെ തീപിടുത്തം: പൊള്ളലേറ്റ ഒരു കുഞ്ഞു കൂടി മരിച്ചു

ഉത്തര്‍പ്രദേശ് ഝാന്‍സി മെഡിക്കല്‍ കോളേജില്‍ തീപിടുത്തത്തില്‍ പൊള്ളലേറ്റ ഒരു കുട്ടി കൂടി മരിച്ചു. തീപിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം 11 ആയി. നിലവില്‍ ചികിത്സയിലുള്ള മറ്റു 15 പേരും സുരക്ഷിതരെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിന് കാരണം സ്വിച്ച് ബോര്‍ഡില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് റിപ്പോര്‍ട്ട്. അടിയന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. സംഭാവത്തില്‍ ഗൂഢാലോചനയോ അനാസ്ഥയോ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തീപിടുത്തം ഉണ്ടാകുമ്പോള്‍ ആറ് നഴ്‌സുമാര്‍ ഐസിയു വാര്‍ഡില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയില്‍ ഉണ്ടായിരുന്ന അഗ്നിശമന ഉപകരണങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന ആരോപണങ്ങളും റിപ്പോര്‍ട്ട് തള്ളുന്നു.
തീപിടുത്തത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. കേസിലെ എഫ്‌ഐആര്‍ വിവരങ്ങള്‍, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടി, പരിക്കേറ്റവര്‍ക്ക് ചികിത്സ, ഇരകളുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഒരാഴ്ചക്കകം നല്‍കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. വിശദമായ അന്വേഷണത്തിനായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ജനറലിന്റെ അധ്യക്ഷതയില്‍ നാലംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.
Story Highlights : 11 newborns die in Jhansi medical college fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here