അമ്മു ആത്മഹത്യ ചെയ്യില്ല, സഹപാഠികൾ മർദ്ദിക്കാൻ ശ്രമിച്ചിരുന്നു; നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയെന്ന് സഹോദരൻ
പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു എ സജീവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കോളേജ്, ഹോസ്റ്റൽ അധികൃതരും സഹപാഠികളും പലതും ഒളിച്ചുവെക്കുകയാണെന്നും സഹോദരൻ അഖിൽ ട്വന്റി ഫോറിനോട് പറഞ്ഞു.
അമ്മു ടൂർ കോർഡിനേറ്ററായത് മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മുൻപും ഹോസ്റ്റലിൽ ചില വിദ്യാർത്ഥിനികൾ സഹോദരിയുമായി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. അതിന്റെ മാനസിക പിരിമുറുക്കത്തിലായിരുന്നു അമ്മു. കിടന്നുറങ്ങിയ മുറിയിൽ പോലും അതിക്രമിച്ച് കടന്ന് സഹപാഠികൾ അടിക്കാൻ വരെ ശ്രമിച്ചു. അപ്പോഴെല്ലാം അച്ഛൻ സജീവൻ ഹോസ്റ്റലിൽ നേരിട്ടെത്തി പരാതി എഴുതി നൽകിയിരുന്നു.അന്ന് ആ പരാതി അധികൃതർ ഗൗരവത്തോടെ എടുത്തിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കിലായിരുന്നു, സത്യാവസ്ഥ പുറത്ത് വരണം സഹോദരൻ അഖിൽ വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിനിയായ അമ്മു സജീവനെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴെ വീണ നിലയിൽ കണ്ടെത്തിയത്. അപകടം നടന്നതിന് ശേഷം കുടുംബാംഗങ്ങളെ കോളേജ് അധികൃതർ വിവരം അറിയിക്കാൻ വൈകിയിരുന്നു. ആംബുലൻസിൽ പോകവേ ശ്രീകാര്യം എത്തുമ്പോൾ അമ്മുവിന് ജീവൻ ഉണ്ടായിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നുമാണ് ഹോസ്റ്റൽ അധികൃതർ കുടുംബത്തോട് പറഞ്ഞിരുന്നത്.എന്നാൽ ഇതിലെല്ലാം ദുരൂഹതയുണ്ടെന്ന് സഹോദരൻ പറയുന്നു.
അതേസമയം, അമ്മുവിന്റെത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നും വീണ വിദ്യർത്ഥിനി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരണപ്പെടുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും.
Story Highlights : Brother says mystery in death of nursing student Ammu in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here