ലോക കപ്പ് യോഗ്യത: വിജയം മാത്രം ലക്ഷ്യമിട്ട് അര്‍ജന്റീനയും ബ്രസീലും നാളെയിറങ്ങുന്നു
ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്റീനയും ബ്രസീലും നാളെ വീണ്ടും ഇറങ്ങുന്നു. പുലര്‍ച്ചെ അഞ്ചരക്ക് ആണ് അര്‍ജന്റീനയുടെ മത്സരം. പെറുവാണ് എതിരാളികള്‍. പുലര്‍ച്ചെ 6.15 ന് ബ്രസീല്‍ ഉറുഗ്വായെയും നേരിടും.
പരാഗ്വായില്‍ നിന്നേറ്റ 2-1 സ്‌കോറിലുള്ള തോല്‍വി അര്‍ജന്റീനക്കും വെനസ്വേലയോട് സമനില വഴങ്ങേണ്ടി വന്നത് ബ്രസീലിനും തിരിച്ചടി ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് ലോക കപ്പ് യോഗ്യത മത്സരങ്ങള്‍. ഇരു ടീമുകള്‍ക്കും നാളെത്തെ മത്സരം നിര്‍ണായകമായിരിക്കും.
പരിക്കിന്റെ പിടിയിലാണ് അര്‍ജന്റീന ടീം. പ്രതിരോധനിരയില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ജര്‍മ്മന്‍ പെസല്ല, മുന്നേറ്റനിരക്കാരന്‍ നിക്കോളാസ് ഗോണ്‍സാലസ് എന്നിവര്‍ക്ക് പിന്നാലെ പ്രതിരോധ നിര താരങ്ങളായ ക്രിസ്ത്യന്‍ റൊമേറോ, നെഹുവല്‍ മോളീന, നിക്കോളാസ് ടഗ്‌ളിയാഫിക്കോ എന്നിവരെയും പരിക്കുകള്‍ അലട്ടുന്നതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയുടെ പ്രതിരോധനിരയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കും. റോഡ്രിഗോ ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റര്‍ എന്നിവര്‍ മധ്യനിരയില്‍ വരുന്നതോടൊപ്പം മുന്നേറ്റ നിരയില്‍ നായകന്‍ ലിയോണല്‍ മെസ്സി, ജൂലിയന്‍ അല്‍വാരസ് ലൗതാരോ മാര്‍ട്ടിനെസ് എന്നിവരും കളിക്കും.
Read Also: സന്തോഷ് ട്രോഫി: പ്രാഥമിക റൗണ്ടില്‍ കേരളം റെയില്‍വേസിനെതിരെ നാളെ ഇറങ്ങുന്നു
നാളത്തെ മത്സരത്തിനിറങ്ങുമ്പോള്‍ ബ്രസീല്‍ ടീമിലുമുണ്ട് കാര്യമായ പ്രതിസന്ധികള്‍. ഗോള്‍ കീപ്പര്‍ അലിസണ്‍ ബക്കര്‍, പ്രതിരോധനിരയിലെ എഡര്‍ മിലിട്ടാവോ, മുന്നേറ്റനിരയില്‍ റോഡ്രിഗോ എന്നിവര്‍ ഇല്ലാതെയാണ് ശക്തരായ ഉറൂഗ്വായെ നേരിടാന്‍ മഞ്ഞപ്പട ഇറങ്ങുന്നത്. അതേ സമയം റഫീന്‍ഹ ഉഗ്രന്‍ ഫോമിലാണെന്നത് ആശ്വാസമാണെങ്കിലും റയലില്‍ മിന്നും പ്രകടനം കാഴ്ച്ചവെക്കുന്ന വിനീഷ്യസ് ജൂനിയര്‍ ദേശീയ ടീമിനായി മികച്ച കളി പുറത്തെടുക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്. 32 മത്സരങ്ങളില്‍ നിന്നായി 13 ഗോളുകള്‍ കണ്ടെത്തിയ ഉറൂഗ്വായുടെ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ നൂനിസിനെ പിടിച്ചു കെട്ടുകയെന്നുള്ളത് തന്നെയായിരിക്കും ബ്രസീല്‍ പ്രതിരോധത്തിന്റെ വെല്ലുവിളി. ലോക കപ്പ് യോഗ്യത റൗണ്ടില്‍ ഇതുവരെ 11 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 22 പോയിന്റുമായി അര്‍ജന്റീന ഒന്നാമതും 19 പോയിന്റുമായി ഉറൂഗ്വായ് രണ്ടാമതും 17 പോയിന്റുള്ള ബ്രസീല്‍ നാലാമതുമാണ്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരക്ക് ചിലി-വെനസ്വേല മത്സരവും നടക്കും.
Story Highlights: Argentina Brazil match in World Cup Qualifying
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here