Advertisement

ശബരിമലയിൽ വൻഭക്തജന തിരക്ക്; ഇന്നലെ 70,000 പേർ ദർശനത്തിനെത്തി

November 19, 2024
Google News 1 minute Read

ശബരിമലയിൽ വൻഭക്തജന തിരക്ക്. ഇന്നലെ 70,000 പേർ ദർശനത്തിനെത്തിയെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ 75000 പേർ രാത്രിവരെയുള്ള കണക്കുകൾ അനുസരിച്ച് ദർശനം നടത്തി. മിനുറ്റിൽ 80 തീർഥാടകരാണ് ദർശനം നടത്തുന്നത്.

തീർഥാടന വഴികളിൽ പോക്കറ്റടിപോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക അനുഭവ പരിചയമുള്ള പൊലീസ് സ്‌ക്വാഡിനെ നിയോഗിച്ചതായി ശബരിമല സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസർ കെ.ഇ.ബൈജൂ അറിയിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നും പ്രവർത്തിച്ച് അനുഭവ പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരടങ്ങിയ ടീമിനെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന,കർണാടക സംസ്ഥാനങ്ങളിൽ പോക്കറ്റടിപോലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം നേടിയവരാണിവർ. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. കുറ്റവാളികളെ എളുപ്പം തിരിച്ചറിയാനും നടപടികളെടുക്കാനും ഇതുവഴി കഴിയുമെന്ന് ശബരിമല പോലീസ് സ്‌പെഷ്യൽ ഓഫീസർ പറഞ്ഞു.

പോക്കറ്റടിയുമായി ബന്ധപ്പെട്ട് ഒരു കേസ് മാത്രമാണിത്തവണ റിപ്പോർട്ട് ചെയ്തത്. ഇത്തരം സംഭവങ്ങൾ കൂടുതലായി ഉണ്ടാകാറുള്ള അപ്പാച്ചിമേട് ഉൾപ്പെടെയുള്ള ഭാഗത്ത് പോലീസ് പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്.
മൊബൈൽ ഫോണുകൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ പോലീസിനെ അറിയിക്കണം. അവയുടെ ലൊക്കേഷൻ കണ്ടെത്തി തിരിച്ചെടുക്കുന്നതിനുള്ള സംവിധാനം സന്നിധാനത്തെ പോലീസ് സ്റ്റേഷനിൽ ഉണ്ട്. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്ന ചുമതല ഇപ്പോൾ സെപഷ്യൽ ഓഫീസർക്കാണ്്.

പതിനെട്ടാംപടിയിലെ മാറ്റങ്ങൾ

തന്ത്രിമാരുടെ ഉപദേശമുൾപ്പടെ തേടി ദേവസ്വം ബോർഡ് പതിനെട്ടാം പടിയെ ബാധിക്കാത്ത വിധം വരുത്തിയ മാറ്റങ്ങൾ ഇത്തവണ ഏറെ ഗുണം ചെയ്തതായി സ്‌പെഷ്യൽ ഓഫീസർ പറഞ്ഞു. 45 പോലീസുകാരെയാണ് പതിനെട്ടാംപടിയിൽ ഭക്തരെ പടി ചവിട്ടാൻ സഹായിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. ഓരോ 15 മിനിറ്റിലും ഇവരെ മാറ്റിക്കൊണ്ടിരിക്കും. ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സൗകര്യപ്രദമായി ജോലി ചെയ്യാനുതകുന്ന വിധത്തിൽ ലാഡർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോർഡ് ഇത് ഒരുക്കിയതോടെ കൂടുതൽ ഭക്തരെ ഒരേ സമയം പടി കയറ്റി വിടാനാകുന്നുണ്ട്. മുൻപ് ഒരു കൈ വടത്തിൽ പിടിച്ച് മറുകൈ കൊണ്ടു വേണമായിരുന്നു പോലീസുകാർക്ക് അയ്യപ്പൻമാരെ സഹായിക്കാനെങ്കിൽ ഇപ്പോൾ രണ്ടു കൈ കൊണ്ടും പടികയറാൻ സഹായിക്കാൻ കഴിയുന്നു.

ഭക്തരുടെ പ്രദക്ഷിണ വഴിയിൽ തടസ്സം
ഉണ്ടാക്കില്ല

സോപാനത്തിനു മുൻപിലെത്തി തൊഴുതശേഷം മുന്നോട്ടു നീങ്ങുന്ന ഭക്തരുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ എതിർ ദിശയിലെത്തി ആരെയും ദർശനത്തിനനുവദിക്കില്ല. വി.ഐ.പി.കൾ അടക്കമുള്ളവരെ ശ്രീകോവിലിന്റെ പിന്നിലെ മുറ്റം വഴി എത്തിച്ച് ഭക്തരുടെ നിരയ്ക്ക് സമാന്തരമായി മാത്രമേ ദർശന സൗകര്യമൊരുക്കുകയുള്ളൂ.

ഭക്തരെ സഹായിക്കാൻ വൻ പോലീസ് സംഘം

അയ്യപ്പ ഭക്തരെ സഹായിക്കാനും സുരക്ഷയൊരുക്കാനുമായി സന്നിധാനത്ത് പ്രവർത്തിക്കുന്നത് വൻ പോലീസ് സംഘം. ശബരിമല സ്‌പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ ഒരു അഡീഷണൽ എസ്.പി., ഒരു എ.എസ്. ഒ. എട്ട് ഡിവൈ.എസ്.പി.മാർ എന്നിവർ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. 11 സർക്കിൾ ഇൻസ്‌പെക്ടർ മാർ , 33 സബ് ഇൻസ്‌പെക്ടർമാർ,980 പോലീസുകൾ എന്നിവരും സംഘത്തിലുണ്ട്.
കൂടാതെ ബോംബ് ഡിറ്റെക്ഷൻ സ്‌ക്വാഡ്, സായുധ കമാൻഡർമാർ, എൻ.ഡി.ആർ.എഫ്. , ദ്രുതകർമ്മസേന തുടങ്ങിയവയും പ്രവർത്തിക്കുന്നു.

Story Highlights : Sabarimala Updates live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here