ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം
ബാഡ്മിന്റണ്‍ കളിക്കാരിയായ ബാലികയ്ക്ക് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം. പാലക്കാട് കോങ്ങാട് സ്വദേശിനിയായ 12 വയസുള്ള ബാലികയാണ്, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശിശു ശസ്ത്രക്രിയ വിഭാഗത്തില്‍ അടിയന്തിര ശസ്ത്രക്രിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മികച്ച പരിചരണം നല്‍കി കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച മെഡിക്കല്‍ കോളേജിലെ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
ജന്മനാ കേള്‍വിക്കുറവുള്ള ബാലിക രണ്ടാഴ്ച മുന്‍പ് നടന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത് സമ്മാനം നേടിയിരുന്നു. ടൂര്‍ണമെന്റിന്റെ പിറ്റേന്ന് കുട്ടിക്ക് കലശലായ വയറുവേദനയും വയറില്‍ വീര്‍പ്പും അനുഭവപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ശിശു ശസ്ത്രക്രിയ വിഭാഗത്തിലെ പരിശോധനയില്‍ കുട്ടിയുടെ ആരോഗ്യനില അപകടകരമാണെന്ന് കണ്ടെത്തി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
ഡയഫ്രത്തിന് (വയറിനും നെഞ്ചിനും ഇടയില്‍ ഉള്ള ഭിത്തിയാണ് ഡയഫ്രം) നടുവിലായി കുറച്ചു ഭാഗത്ത് കനം കുറഞ്ഞ് നെഞ്ചിനുള്ളിലേക്ക് തള്ളിനില്‍ക്കുന്ന ഒരു അപാകത കുട്ടിക്ക് ജന്മനാ ഉണ്ടായിരുന്നു. ഡയഫ്രമാറ്റിക് ക്രൂറല്‍ ഇവന്‍ട്രേഷന്‍ എന്ന വളരെ അപൂര്‍വമായി കണ്ടുവരുന്ന രോഗമായിരുന്നു കുട്ടിയുടെ രോഗാവസ്ഥക്ക് കാരണം.
ബാഡ്മിന്റണ്‍ കളിയുടെ സമയത്ത് വയറിനകത്തെ മര്‍ദം കൂടുകയും, തല്‍ഫലമായി, ആമാശയം ഡയഫ്രത്തിലെ കനം കുറഞ്ഞ ഭാഗത്തിലൂടെ നെഞ്ചിനകത്തേക്ക് തള്ളിക്കയറുകയും, അവിടെ വച്ചു, ആമാശയം മടങ്ങി, തടസപ്പെട്ട് വീര്‍ത്ത് ഗ്യാസ്ട്രിക് വോള്‍വുലസ് എന്ന അവസ്ഥ ഉണ്ടാവുകയും ആമാശയം പൊട്ടി കഴിച്ച ഭക്ഷണമെല്ലാം വയറിനകത്ത് ചിതറി കിടക്കുകയുമായിരുന്നു.
ശസ്ത്രക്രിയ സമയത്ത് ഭക്ഷണശകലങ്ങള്‍ എല്ലാം നീക്കി ആമാശയത്തിലെ ദ്വാരം അടച്ചു, പിന്നീട് ഇതു പോലെ വോള്‍വുലസ് ഉണ്ടാകാതിരിക്കാനുള്ള പ്രതിവിധികളും ചെയ്തു.
ഓപ്പറേഷനുശേഷം കുട്ടി രണ്ട് ദിവസം തീവ്ര പരിചരണ യൂണിറ്റിലായിരുന്നു. അതിനുശേഷം ശിശു ശസ്ത്രക്രിയ വാര്‍ഡിലേക്ക് മാറ്റി ചികിത്സ തുടര്‍ന്നു. കുട്ടിയെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും സമയോചിതമായ ഇടപെടല്‍ മൂലമായിരുന്നു ഈ കുട്ടിയെ രക്ഷിക്കുവാന്‍ സാധിച്ചത്.
Story Highlights : thrissur medical college operation for girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here