നോട്ടക്ക് പ്രിയം കുറയുന്നു; ഏറ്റവും കുറവ് വോട്ട് വയനാട് ലോക് സഭ മണ്ഡലത്തിൽ
ഏറെ കാത്തിരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്ന ദിവസമായിരുന്നു ഇന്നലെ. മത്സരിക്കുന്ന സ്ഥാനാർഥികളോട് താൽപര്യമില്ലെങ്കിൽ വോട്ട് രേഖപ്പെടുത്താവുന്ന നോട്ടക്ക് പ്രിയം കുറഞ്ഞു വരികയാണെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരം 2013 ലാണ് നോട്ട ഏർപ്പെടുത്തിയത്. വോട്ടേഴ്സിന് വിയോജിപ്പ് രേഖപ്പെടുത്താനുള്ള സംവിധാനം. ഒരു ദശകത്തിനിപ്പുറം ജനങ്ങൾക്ക് നോട്ടയോടുള്ള പ്രിയം കുറഞ്ഞു വരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
പ്രിയങ്ക ഗാന്ധിക്ക് റെക്കോർഡ് ഭൂരിപക്ഷം നൽകിയ വയനാട് ലോക് സഭ മണ്ഡലത്തിലാണ് നോട്ടക്ക് ഏറ്റവും കുറവ് വോട്ട്. ഒൻപതര ലക്ഷത്തിലേറെപ്പേർ വോട്ട് ചെയ്തതിൽ നോട്ടയ്ക്ക് കുത്തിയത് 5406 പേർ മാത്രം. ആകെ പോൾ ചെയ്തതിന്റെ 0.57 ശതമാനം.കടുത്ത ത്രികോണ മത്സരത്തിന്റെ പ്രതീതി ഉണ്ടാക്കിയ പാലക്കാട്ട് ആകെ പോൾ ചെയ്തത് 1,37,302 വോട്ടുകൾ. നോട്ടക്ക് ലഭിച്ചത് 1262 വോട്ടുകൾ. ആകെ വോട്ടുകളുടെ 0.92 ശതമാനം. ചേലക്കര മണ്ഡലത്തിൽ 0.67 ശതമാനമാണ് നോട്ടയ്ക്ക്. 1032 വോട്ടുകൾ.
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും സ്ഥിതി വ്യത്യസ്തമല്ല. മഹാരാഷ്ട്രയിൽ 0.75 ശതമാനം മാത്രമാണ് നോട്ടയുടെ പെട്ടിയിൽ വീണത്. ഝാർഖണ്ഡിൽ 1.32 ശതമാനം വോട്ടർമാർമാർ നോട്ടയിൽ വിരലമർത്തി. നോട്ടയ്ക്ക് ഭൂരിപക്ഷം ലഭിച്ചാൽ രണ്ടാമതെത്തിയ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കും. പ്രതീകാത്മക പ്രതിഷേധമായി മാത്രമേ നോട്ടയെ വോട്ടർമാർ കരുതുന്നുള്ളു. ജനങ്ങൾ സമ്മതിദാനാവകാശം ക്രിയാത്മകമായി ഉപയോഗിയ്ക്കുന്നതാണ് നോട്ട വോട്ടുകൾ കുറയാൻ കാരണമെന്ന് വിദഗ്ദർ പറയുന്നു.
Story Highlights : NOTA Votes Decline in Elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here