‘പാലക്കാട്ടെ മുസ്‌ലിം വോട്ടര്‍മാരില്‍ അമ്പത് ശതമാനത്തെയും നിയന്ത്രിക്കുന്നത് SDPI ആണെന്ന സരിന്റെ വാദം തന്നെയാണോ എംബി രാജേഷിനും’ : വി ടി ബൽറാം

പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പി സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. പാലക്കാട്ടെ മുസ്‌ലിം വോട്ടര്‍മാരില്‍ അമ്പത് ശതമാനത്തെയും നിയന്ത്രിക്കുന്നത് എസ്ഡിപിഐ ആണെന്ന സരിന്റെ പരാമര്‍ശത്തിനെതിരെയാണ് ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്.
അപകടരമായ വാദമാണ് സരിന്‍ നടത്തിയതെന്നും സംഘപരിവാറിന്റെ വാദമാണിതെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. കെ ടി ജലീല്‍ എംഎല്‍എ ഉന്നയിച്ച ഗുരുതരമായ ദുരാരോപണത്തിന് ശേഷമാണ് ഇപ്പോള്‍ മറ്റൊരു എല്‍ഡിഎഫ് സ്വതന്ത്രന്‍ ഇങ്ങനെ പറയുന്നത്. സംഘപരിവാര്‍ പ്രൊപ്പഗണ്ടകള്‍ ഒന്നിനു പുറകേ ഒന്നായി എന്തിനാണ് ഈ സിപിഎമ്മുകാരും അവരുടെ സ്വതന്ത്ര വേഷധാരികളും ഏറ്റെടുക്കുന്നതെന്നും ബല്‍റാം ചോദിച്ചു.
വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്
പാലക്കാട്ടെ മുസ്ലീം വോട്ടർമാരിൽ അമ്പത് ശതമാനത്തേയും നിയന്ത്രിക്കുന്നത് എസ്ഡിപിഐ ആണെന്ന് അവിടെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നയാൾ പറയുകയാണ്. മാധ്യമ പ്രവർത്തകന്റെ ഡയറക്റ്റായ ചോദ്യത്തിന് സ്ഥാനാർത്ഥി ഡയറക്റ്റായി നൽകിയ മറുപടിയാണിത്.
എത്ര അപകടകരമായ വാദമാണിത്! മുസ്ലീങ്ങളിലെ അമ്പത് ശതമാനത്തിന്റേയും രാഷ്ട്രീയ അഭിരുചികളെ നിയന്ത്രിക്കുന്നത് എസ്ഡിപിഐ പോലുള്ളവരാണെന്നത് സംഘ് പരിവാറിന്റെ വാദമാണ്. സ്വർണ്ണക്കള്ളക്കടത്ത് നടത്തുന്നവരിലെ 98%വും മുസ്ലീങ്ങളാണെന്ന് കെ.ടി.ജലീൽ എംഎൽഎ ഉന്നയിച്ച ഗുരുതരമായ ദുരാരോപണത്തിന് ശേഷമാണ് ഇപ്പോൾ മറ്റൊരു എൽഡിഎഫ് സ്വതന്ത്രൻ ഇങ്ങനെ പറയുന്നത്. സംഘ് പരിവാർ പ്രൊപ്പഗണ്ടകൾ ഒന്നിനു പുറകേ ഒന്നായി എന്തിനാണ് ഈ സിപിഎമ്മുകാരും അവരുടെ സ്വതന്ത്ര വേഷധാരികളും ഏറ്റെടുക്കുന്നത്!
സിപിഎമ്മിന്റെ ഇലക്ഷൻ മുന്നിൽ നിന്ന് നയിച്ച മന്ത്രി എംബി രാജേഷിനും മുസ്ലീങ്ങളുടെ രാഷ്ട്രീയ അഭിപ്രായ രൂപീകരണത്തേക്കുറിച്ച് സ്ഥാനാർത്ഥിയുടെ ഇതേ കാഴ്ചപ്പാട് തന്നെയാണോ എന്നാണ് ഇനിയറിയേണ്ടത്.
Story Highlights : V T Balram against P Sarin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here