സ്ത്രീകൾ മൂന്ന് കുട്ടികളെ പ്രസവിക്കണമെന്ന് ആർഎസ്എസ് തലവൻ; ലക്ഷ്യം ‘ഇന്ത്യൻ സമൂഹത്തിൻ്റെ നിലനിൽപ്പ്’
ഓരോ ദമ്പതികളും കുറഞ്ഞത് മൂന്ന് കുഞ്ഞുങ്ങളെ ജനിപ്പിച്ച് വളർത്തി വലുതാക്കണമെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. എങ്കിൽ മാത്രമേ ഇന്ത്യൻ സമൂഹം നിലനിൽക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ പാർട്ടികളും സമാജ് വാദി പാർട്ടിയും കോൺഗ്രസും ഈ പ്രസ്താവനക്കെതിരെ ശക്തമായി രംഗത്തുവന്നു. നാഗ്പൂരിൽ ആർഎസ്എസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതേ വിഷയത്തിൽ വർഷങ്ങൾക്കു മുൻപ് സ്വീകരിച്ച നിലപാടിൽ നിന്ന് വിഭിന്നമായ നിലപാടാണ് ആർഎസ്എസ് തലവൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
എല്ലാ സ്ത്രീകൾക്കും രണ്ടു മക്കൾ ഉണ്ടായാൽ അതിൽ ഒരാൾ പെൺകുട്ടിയാവുകയും അവരിലൂടെ പിന്നെയും കുഞ്ഞുങ്ങൾ പിറക്കുകയും ചെയ്യും. അതിലൂടെ തലമുറകൾ നിലനിൽക്കും. അതിനാൽ തന്നെ ജനസംഖ്യ വളർച്ച നിരക്ക് 2.1 ൽ നിന്ന് താഴേക്ക് പോകരുത് എന്നും അദ്ദേഹം പറഞ്ഞു. മൂന്നു കുട്ടികൾ എന്തായാലും വേണമെന്നും അദ്ദേഹം ആവർത്തിച്ചു പറഞ്ഞു.
മറാട്ടി ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സ്ത്രീകൾ രണ്ട് ലേറെ കുട്ടികളെ പ്രസവിക്കണം എന്നുള്ളത് ആർഎസ്എസിന്റെ ഏറെക്കാലമായുള്ള വാദമാണ്. എന്നാൽ ഇതിനെ ജനസംഖ്യ വളർച്ച നിരക്കുമായും നിരക്കുമായി ബന്ധിപ്പിച്ചും സ്ത്രീകൾ നിശ്ചിത എണ്ണം കുട്ടികളെ പ്രസവിക്കണം എന്ന നിലപാട് ആർഎസ്എസ് ഉയർത്തുന്നത് ആദ്യമായാണ്. ദീർഘകാലമായി ഹിന്ദു ഐക്യം എന്ന ലക്ഷ്യം മുൻനിർത്തി മുന്നോട്ടുപോകുന്ന ആർഎസ്എസ് ജനസംഖ്യയിൽ ബാലൻസ് നഷ്ടപ്പെടരുത് എന്ന വാദം ഉയർത്തി മുസ്ലിം ജനസംഖ്യ വളർച്ച നിരക്കിനെ പ്രതിസ്ഥാനത്തുനിർത്തി വാതഗതികൾ ഉന്നയിച്ചിരുന്നു. ഈ നിലപാട് ഉയർത്തിപ്പിടിക്കുമ്പോഴും ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാനവ തൊഴിൽ ശേഷിയുള്ള രാജ്യം എന്ന മേൽക്കോയ്മ നഷ്ടമാകരുതെന്നും ആർഎസ്എസ് വാദിച്ചിരുന്നു.
2015 ഫെബ്രുവരി മാസത്തിൽ സമാനമായ നിലപാട് ബിജെപി എംപി സാക്ഷി മാലിക് ഉന്നയിച്ചപ്പോൾ അന്ന് ആർഎസ്എസ് തലവൻ അതിനോട് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഹിന്ദു സ്ത്രീകൾ നാലു കുട്ടികളെ പ്രസവിക്കണം എന്നായിരുന്നു അന്നത്തെ സാക്ഷി മാലിക്കിന്റെ പ്രസ്താവന. അന്ന് പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് നമ്മുടെ സ്ത്രീകൾ കുട്ടികളെ പ്രസവിക്കുന്ന ഫാക്ടറികൾ അല്ല എന്നായിരുന്നു മോഹൻ ഭാഗവത്തിന്റെ പ്രസ്താവന.
2000 മുതൽ 2009 വരെ ആർഎസ്എസ് സർസംഗഘചാലകായിരുന്ന കെഎസ് സുദർശൻ സമാനമായിട്ടുള്ള നിലപാട് ഉന്നയിച്ചിരുന്നു. രണ്ടു കുട്ടികൾ, ഒരു കുട്ടി വാദത്തിലും വീഴരുതെന്നും അങ്ങനെ ചെയ്താൽ ജനസംഖ്യയിലെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനസംഖ്യയും മതവും ഇന്ത്യയിൽ എന്ന പുസ്തകം 2005 നവംബറിൽ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
Story Highlights : Mohan Bhagwat wants women to have at least 3 children
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here