ആത്മസൗഹൃദം നഷ്ടപ്പെടുമെന്ന ഭീതിയിൽ ഡൽഹി; സിറിയ ബന്ധത്തിൻ്റെ ആഴവും പരപ്പും അസദ് വരെ

പ്രസിഡന്റ് ബാഷർ അൽ അസദിന്റെ പുറത്താകലിന് പിന്നാലെ ഡമാസ്കസിന്റെ തെരുവുകളിൽ ആഘോഷങ്ങളും ആർപ്പുവിളികളും നിറയുമ്പോൾ, സിറിയക്ക് പുറത്ത്, ഏറെ ദൂരെയുള്ള ദില്ലിയിൽ അതല്ല സ്ഥിതി. സിറിയ എന്ന അറബ് രാജ്യത്തെ അധികാരമാറ്റം ഡൽഹിയിലെ അധികാര ഇടനാഴികളിൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. നീണ്ട 54 വർഷം അധികാരത്തിലിരുന്ന അസദ് കുടുംബത്തിൻ്റെ വാഴ്ച അവസാനിക്കുമ്പോൾ, ഇന്ത്യയ്ക്ക് നഷ്ടമായത് സിറിയ എന്ന ആത്മസുഹൃത്തിനെയാണ്. ഇനി സിറിയയുടെ ഇന്ത്യ നിലപാടിൽ എന്ത് മാറ്റമുണ്ടാകുമെന്ന് ലോകരാജ്യങ്ങളും ഉറ്റുനോക്കുന്നുണ്ട്.
1971 മുതൽ അച്ഛൻ ഹാഫിസ് അൽ അസദ്, പിന്നീട് 2000 മുതൽ മകൻ ബാഷർ അൽ അസദുമാണ് സിറിയ ഭരിച്ചത്. ഇന്നലെ ഈ ഭരണം അവസാനിച്ചു. സ്വന്തം നാടുപേക്ഷിച്ച് ജീവനും കൊണ്ട് അസദ് രാജ്യം വിട്ടോടി. വെറും 11 ദിവസം കൊണ്ട് വിമതരെന്ന് വിശേഷിപ്പിക്കപ്പെടുന്ന, എന്നാൽ ഇസ്ലാമിക് സ്റ്റേറ്റും അൽ ഖ്വൈദയുമൊക്കെയായിരുന്ന ഇപ്പോഴത്തെ എച്ച്ടിഎസ് സിറിയയുടെ ഭരണത്തിലെത്തിയത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്.
സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യ സ്വീകരിച്ച അറബ് അനുകൂല നയതന്ത്ര-വ്യാപാര നയത്തിൽ മുഖ്യ പങ്കാളിയായിരുന്നു സിറിയ. ചേരിചേരാ സഖ്യത്തിൻ്റെ സ്ഥാപക അംഗമായിരുന്നു സിറിയ. നെഹ്റുവും വാജ്പെയിയും അടക്കം പ്രധാനമന്ത്രിമാർ മുൻപ് സിറിയ സന്ദർശിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് തെളിവാണ്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന ഉറച്ച നിലപാട് സ്വീകരിച്ച രാജ്യമാണ് സിറിയ എന്ന് കൂടി പറയുമ്പോഴാണ് ഈ ഉഭയസൗഹൃദത്തിൻ്റെ ആഴം വ്യക്തമായി മനസിലാവുന്നത്.
അറബ് വസന്തത്തിന് ശേഷം കലാപ കലുഷിതമായിരുന്ന സിറിയയിൽ അസദിന് ഭരണം തുടരാനായത് ഇന്ത്യയെ പോലെ സുഹൃത്തുക്കൾ ഉണ്ടായത് കൊണ്ടാണ്. സ്വന്തം ജനങ്ങൾക്ക് മേലെ രാസായുധം പ്രയോഗിച്ചെന്നടക്കം ഗുരുതര ആരോപണങ്ങൾ നേരിട്ട ബാഷർ അൽ അസദിന് എല്ലാ കാലവും പിന്തുണ നൽകിയ രാജ്യമാണ് ഇന്ത്യ. 2011 ൽ അറബ് വസന്തത്തിൻ്റെ അലയൊലി സിറിയൻ തെരുവിലും വീശിയടിച്ച സമയത്ത്, തീശ്രീൻ പവർ പ്ലാന്റ് സ്ഥാപിക്കാൻ 240 ദശലക്ഷം ഡോളറിന്റെ സഹായമാണ് ഇന്ത്യ നൽകിയത്. അതേ വർഷം അറബ് ലീഗിൽ നിന്ന് അസദ് ഭരണകൂടം പുറത്തായി. പിന്നീട് യുഎന്നിൽ സിറിയക്ക് മേൽ ഉപരോധം കൊണ്ടുവരണമെന്ന് പാശ്ചാത്യ രാജ്യങ്ങൾ ശക്തമായി വാദിച്ചപ്പോൾ സിറിയയുടെ ആഭ്യന്തര പ്രശ്നം സിറിയ തീർക്കുമെന്നും അതിലിടപെടേണ്ടെന്നുമുള്ള നിലപാടായിരുന്നു ഇന്ത്യയുടേത്.
പിന്നീടങ്ങോട്ട് സിറിയയിൽ ഭീകര സംഘടനകൾ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. 2014 കാലത്ത് ഇറാഖിൽ നിന്ന് സിറിയയിലേക്ക് ഇസ്ലാമിക് സ്റ്റേറ്റിൻ്റെ പ്രവർത്തന കേന്ദ്രം മാറ്റി. പിന്നീട് സിറിയയിൽ അമേരിക്കയും റഷ്യയും അടക്കം സൈനിക നീക്കങ്ങൾ നടത്തി. ഈ കാലത്തെല്ലാം സിറിയയെ സാമ്പത്തികമായും രാഷ്ട്രീയമായും എല്ലാ വിധത്തിലും ഇന്ത്യ സഹായിച്ചു. ഇതിൻ്റെ ഒടുവിലത്തെ തെളിവാണ് 2023 ൽ സിറിയയിൽ നേരിട്ട ഭൂകമ്പവും നാശനഷ്ടങ്ങളും നേരിടാൻ ഇന്ത്യ നൽകിയ കൈത്താങ്ങ്. അതേ വർഷം സിറിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ സിറിയയും സന്ദർശിച്ചു.
സിറിയയിൽ കാര്യങ്ങൾ എങ്ങോട്ടേക്കെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യ. അതിന് കാരണം അസദില്ലാത്ത സിറിയ എന്നൊരു പ്ലാൻ ബി ഒരിക്കലും ഇന്ത്യയുടെ ആലോചനയിൽ പോലും ഉണ്ടായിരുന്നില്ല എന്നതാണ്. അതിനാൽ തന്നെ തീവ്ര നിലപാടുള്ള എച്ച്ടിഎസ് അധികാരത്തിലെത്തുമ്പോൾ ഇന്ത്യയുമായുള്ള സൗഹൃദം അതേനിലയിൽ നിലനിർത്തുമോയെന്നത് സംശയമാണ്. കൊട്ടിഘോഷിക്കപ്പെട്ട അറബ് വസന്തത്തെ തുടർന്ന് ലിബിയയിൽ ഗദ്ദാഫി ഭരണം അവസാനിച്ച ശേഷവും അവിടെ രാഷ്ട്രീയ സ്ഥിരത ഉണ്ടാകാത്തതും ഈജിപ്തിൽ ആകട്ടെ മുസ്ലിം ബ്രദർഹുഡ് ശക്തി പ്രാപിച്ചതും മുൻ അനുഭവങ്ങളായി ഇന്ത്യക്ക് മുന്നിലുണ്ട്. അസദിന് ശേഷമുള്ള സിറിയ എങ്ങനെ മാറുമെന്നത് കാത്തിരുന്ന് കാണാനാവും ഇന്ത്യയുടെ ഇപ്പോഴത്തെ തീരുമാനം.
അതെന്തായാലും എച്ച്ടിഎസ് തലവൻ അബു അൽ ജലാനിയുടെ രാഷ്ട്രീയ താത്പര്യങ്ങൾ വ്യക്തമായിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റുമായും അൽ ഖ്വൈദയുമായും സന്ധി ചേരുകയും പിന്നീട് അകലുകയും അതിന് ശേഷം അൽ ഖ്വൈദയുടെ കൂടെ പിന്തുണയോടെ രാജ്യത്ത് അധികാരം പിടിച്ചടക്കുകയും ചെയ്തയാളാണ് ജലാനി. നവംബർ 29ന് അലപ്പോ നഗരം പിടിച്ചടക്കിയ ശേഷം ജലാനി തന്റെ അനുയായികളോട് പറഞ്ഞത്, ജനങ്ങളിൽ ഭീതിക്ക് കാരണമാകുന്ന ഒന്നും ചെയ്യരുതെന്നും എല്ലാ വിഭാഗം ജനങ്ങളെയും സംരക്ഷിക്കണം എന്നുമാണ്. വാക്കുകൾ കൊണ്ടല്ല പ്രവർത്തികൾ കൊണ്ട് വേണം തങ്ങളെ വിലയിരുത്താൻ എന്ന് പിന്നീട് അദ്ദേഹം സിഎൻഎന്നിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു. ക്രൈസ്തവരെ സംരക്ഷിക്കുമെന്നാണ് ഇന്ന് എച്ച്ടിഎസ് ലോകത്തോട് വിളിച്ചുപറഞ്ഞത്. ഇതിലേതാണ് ഒറിജിനൽ ജലാനിയെന്ന് കാത്തിരുന്ന് തന്നെ കാണണം. ഇന്ത്യ – സിറിയ ബന്ധം അസദ് എന്ന മൂന്നക്ഷരത്തിലേക്ക് ചുരുങ്ങി അവസാനിക്കുമോയെന്ന ചോദ്യത്തിനുള്ള ഉത്തരവും ആ കാത്തിരിപ്പാണ്.
Story Highlights : Why Delhi is so cautious about events in Syria?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here