ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍, യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ലെന്ന് മറ്റ് നേതാക്കളും
ചാണ്ടി ഉമ്മനുമായി യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ചാണ്ടി ഉമ്മന്‍ സഹോദരതുല്യനാണ് എന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം തന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പരാതി പറയേണ്ടതും കേള്‍ക്കേണ്ടതുമായ പദവിയിലല്ല താനിരിക്കുന്നതെന്നും ഞാനൊരു സ്ഥാനാര്‍ത്ഥി മാത്രമാണെന്നും അതൊക്കെ നേതൃത്വം തീരുമാനിക്കേണ്ട കാര്യമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
ചാണ്ടി ഉമ്മന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും അദ്ദേഹത്തിന് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അതുകൂടി പരിഹരിച്ചു മുന്നോട്ടു പോകണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. വിവാദങ്ങള്‍ പരസ്യമായി ഉണ്ടാകാതിരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണെന്നും എല്ലാവരും യോജിച്ചു പോകേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: മാടായി കോളെജിലെ നിയമന വിവാദം; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എം കെ രാഘവന്‍
ചാണ്ടി ഉമ്മന്റെ പരസ്യ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് രമേഷ് ചെന്നിത്തല പ്രതികരിച്ചു. പരാതി അറിഞ്ഞില്ലെന്നും ചാണ്ടി ഉമ്മനോട് സംസാരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ എംഎല്‍എമാര്‍ക്കും ചുമതല കൊടുത്തിരുന്നു. ഇത് എന്തുകൊണ്ടെന്ന് അറിഞ്ഞില്ല. തന്നോടൊപ്പം മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്നവരെ പോലും തിരികെ അയച്ച് ചുമതല നല്‍കി – രമേഷ് ചെന്നിത്തല വ്യക്തമാക്കി.
ആരെയും മാറ്റി നിര്‍ത്തിയിട്ടില്ലെന്നും വിജയം എല്ലാവരും ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമെന്നും വി കെ ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചു. പ്രതികരണം എന്തുകൊണ്ട് എന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഒരുപോലെ ഉപയോഗപ്പെടുത്തി. മുതിര്‍ന്ന നേതാക്കള്‍ക്കാണ് ചുമതല നല്‍കിയത്. എല്ലാവരും ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണ് പാലക്കാട് കണ്ടത്. ഇതുവരെ കാണാത്ത മുന്നൊരുക്കം പാലക്കാട് ഉണ്ടായി. KPCC നിയോഗിച്ച മുതിര്‍ന്ന നേതാക്കള്‍ക്കാണ് ചുമതല നല്‍കിയത്. ചാണ്ടി ഉമ്മനും പ്രചാരത്തില്‍ സജീവമായി ഉണ്ടായിരുന്നു. UDF ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പായിരുന്നു. അഭിപ്രായ വ്യത്യാസം ഇല്ലാത്ത തെരഞ്ഞെടുപ്പായിരുന്നു – അദ്ദേഹം വിശദമാക്കി.
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. തനിക്കൊഴിച്ച് എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നുവെന്നും തനിക്ക് തരാതിരുന്നതിന് എന്താണ് കാരണമെന്ന് അറിയില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇപ്പോള്‍ ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ചര്‍ച്ചയ്ക്ക് തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.പുനഃസംഘടനയില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Story Highlights : Congress leaders about Chandy Oommen’s statement on Palakkad by election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here