വടകര വാഹനാപകടം; കോമയിലായ ദൃഷാന ആശുപത്രി വിട്ടു

കോഴിക്കോട് വടകരയിലെ കാർ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ കോമയിൽ ആയ ഒമ്പത് വയസുകാരി ദൃഷാന ആശുപത്രി വിട്ടു. കഴിഞ്ഞ 10 മാസമായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. എന്നാൽ ആരോഗ്യനിലയിൽ കാര്യമായ മാറ്റം ഉണ്ടാകാതെ വന്നതോടെയാണ് കുടുംബം ഡിസ്ചാർജ് ചോദിച്ചു വാങ്ങിയത്. സാഹചര്യങ്ങളും അന്തരീക്ഷവും മാറുമ്പോൾ ആരോഗ്യ അവസ്ഥയിൽ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം ഉള്ളത്. ഇടവേളകളിൽ പരിശോധന ആവശ്യമായതിനാൽ മെഡിക്കൽ കോളേജിന് സമീപത്തേക്കാണ് താമസം മാറിയത്. സാധാരണ ജീവിതത്തിലേക്ക് ദൃഷാനക്ക് മടങ്ങിവരാൻ ആകുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.
അപകടത്തിന് കാരണമായ പുറമേരി സ്വദേശി ഷെജീലിന്റെ വെള്ള കാർ കഴിഞ്ഞദിവസം പൊലീസ് കണ്ടെത്തിയിരുന്നു.ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രതിയായ ഷെജീലിന്റെ ഭാര്യക്കെതിരെയും കേസെടുക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രി 9 മണിയോടെ ചേറോട് ദേശീയപാതയിൽവെച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ദൃഷാനയുടെ മുത്തശ്ശി ബേബി മരണപ്പെട്ടിരുന്നു. അപകടശേഷം ഇരുവരെയും ആശുപത്രിയിൽ എത്തിക്കാതെ പ്രതിയും കുടുംബവും രക്ഷപ്പെടുകയായിരുന്നു. പ്രതിയിലേക്കുള്ള അന്വേഷണം ഏറെ ദുഷ്ക്കരമായിരുന്നു. വെള്ള കാറാണ് എന്ന സൂചന അല്ലാതെ മറ്റൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. നീണ്ട അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. സിസിടിവി ദൃശ്യങ്ങളോ മറ്റു തെളിവുകളോ ലഭിക്കാത്തത് അപകടത്തിൻ്റെ
അന്വേഷണം ദുഷ്കരമാക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു . സ്പെയർപാർട്സ് കടകൾ കേന്ദ്രീകരിച്ചും ഇൻഷുറൻസുമായി ബന്ധപ്പെട്ടും നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.
Story Highlights : Vadakkara car accident; Drishana left the hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here