Advertisement

ശബരിമലയിൽ ദിലീപിന്റെ VIP ദർശനം; ആരാണ് ഭക്തരെ തടയാൻ അധികാരം നൽകിയത്, സോപാനത്ത് ആർക്കും പ്രത്യേക പരിഗണന വേണ്ട, ഹൈക്കോടതി

December 12, 2024
Google News 3 minutes Read
dileep

ശബരിമലയിൽ ദിലീപിന്റെ VIP ദർശനം ഗൗരവകരമായതെന്ന് ഹൈക്കോടതി. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്ന് കോടതി ആരാഞ്ഞു. സോപാനത്തിനു മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ദിലീപിന് ദർശനം നടത്തുന്നതിനായി മറ്റുള്ള ഭക്തരെ തടഞ്ഞുവെന്ന് കോടതി നിരീക്ഷിച്ചു.ദർശനം നടത്തുന്ന സമയത്തെ ദൃശ്യങ്ങൾ കോടതി തുറന്ന കോടതിയിൽ പരിശോധിക്കുകയുണ്ടായി. ഒന്നാം നിരയിലെ എല്ലാ ആളുകളെയും തടഞ്ഞുവെന്നും ആരാണ് ഭക്തരെ തടയാൻ അധികാരം നൽകിയതെന്നും കോടതി ചോദിച്ചു. ശബരിമല സോപാനത്ത് ആർക്കും പ്രത്യേക പരിഗണന വേണ്ട. ദേവസ്വം ബോർഡും, പൊലീസും ഇക്കാര്യം ഉറപ്പുവരുത്തണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് കോടതി താക്കീത് നൽകി. വിഷയം നാളെ വീണ്ടും പരിഗണിക്കും.

എന്നാൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ദേവസ്വം ഗാർഡുകൾ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ദേവസ്വം ബോർഡ് കോടതിയിൽ വ്യക്തമാക്കി.

വിഷയത്തിൽ നേരത്തെ ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.ദിലീപിനൊപ്പം നടിയെ ആക്രമിച്ച കേസിലെ കൂട്ടുപ്രതി ശരത്തും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമാണ് വിഐപി ദര്‍ശനം നേടിയത്. ഇതിൽ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറും ശബരിമല സ്‌പെഷല്‍ കമ്മിഷണറും വിശദീകരണം നൽകിയിരുന്നു. സന്നിധാനത്ത് ഹരിവരാസനം പാടുന്ന സമയത്ത് പത്ത് മിനുട്ടിലേറെ മുന്‍നിരയില്‍ നിന്നാണ് ദിലീപും വിവാദ സംഘാംഗങ്ങളും ദര്‍ശനം തേടിയത്. ഇത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തിന് തടസം സൃഷ്ടിച്ചുവെന്നാണ് പരാതി.

Read Also: വൈക്കത്തെ തന്തൈ പെരിയാർ സ്മാരകം മുഖ്യമന്ത്രിമാർ ഉദ്ഘാടനം ചെയ്തു

അതേസമയം, ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് ശബരിമല സ്പെഷ്യൽ പൊലീസ് ഓഫീസർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്. ദേവസ്വം ഗാർഡുകളാണ് ദിലീപിന് മുൻനിരയിൽ അവസരം ഒരുക്കിയത്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Story Highlights : Dileep’s VIP visit to Sabarimala; The High Court asked who gave the authority to stop the devotees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here