പാലക്കാട് മണ്ണാർക്കാട് അപകടം; അനുശോചിച്ച് മുഖ്യമന്ത്രി
പാലക്കാട് കല്ലടിക്കോട്ട് സിമന്റ് ലോറി പാഞ്ഞുകയറി നാല് വിദ്യാർത്ഥിനികൾ മരണപ്പെട്ട സംഭവത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.പരുക്കേറ്റ എല്ലാ കുട്ടികൾക്കും അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച് പ്രവർത്തിക്കും. അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കല്ലടിക്കോട് കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. ഉടൻ സംഭവസ്ഥലത്തേക്ക് പോകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് അദ്ദേഹം നിർദ്ദേശം നൽകി.
അതേസമയം, അപകടം നടന്നയിടത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. നിരന്തരം അപകടം ഉണ്ടാകുന്നതിലാണ് നാട്ടുകാരുടെ പ്രതിഷേധം. ഇനി ഇവിടെ ജീവൻ പൊലിയാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
Read Also: പാലക്കാട് മണ്ണാർക്കാട് അപകടം; നാല് വിദ്യാർഥികൾ മരിച്ചു; ഒരാളുടെ നില ഗുരുതരം
റോഡിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. താത്കാലിക പരിഹാരം വേണ്ടയെന്നും നാട്ടുകാർ പറയുന്നു. റോഡ് പണി തുടങ്ങിയപ്പോൾ മുതൽ പ്രതിഷേധിക്കുന്നതാണ്. എത്ര മരണം ഇവിടെ സംഭവിച്ചു. പരിഹാരം കണ്ടില്ലെങ്കിൽ ഒരു വാഹനവും കടത്തിവിടില്ലെന്ന് നാട്ടുകാർ പറയുന്നു.
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനികളാണ് പനയംപാടത്തുണ്ടായ അപകടത്തിൽ മരിച്ചത്. എട്ടാം ക്ലാസിൽ പഠിക്കുന്ന നിദ, റിദ, ഇർഫാന, ആയിഷ എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെ മൃതദേഹം ഇസാഫ് ആശുപത്രിയിലും ഒരു കുട്ടിയുടെ മൃതദേഹം മദർ കെയർ ഹോസ്പിറ്റലിലുമാണ്. എതിർദിശയിൽ സിമന്റ് കയറ്റിവന്ന ലോറി നിയന്ത്രണം തെറ്റി കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ലോറിക്കടിയിലായിരുന്നു പെൺകുട്ടികൾ.
നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു കുട്ടിയുടെ മുടി മുറിച്ചാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാർ പറയുന്നു. ഗുരുതരമായി പരുക്കേറ്റ ഒരുകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. വൈകുന്നേരം നാലു മണിയോടെ കുട്ടികൾ സ്‌കൂൾവിട്ട് വരുന്ന സമയത്താണ് അപകടം. ലോറി നിയന്ത്രണംവിട്ട വീടിനോട് ചേർന്ന മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു.
Story Highlights : Palakkad Mannarkkad accident; Condolences CM Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here