Advertisement

വാർണർ ബ്രദേഴ്‌സിന്റെ ഇഷ്ട നടൻ, കൊച്ചിയുടെ ഹോളിവുഡ് മുഖം; തോമസ് ബർളി

December 17, 2024
Google News 2 minutes Read
WhatsApp-Image

അഭിനയമോഹം തലയ്ക്ക്പിടിച്ച് പണ്ട് മദ്രാസിലേക്ക് വണ്ടി കയറുന്ന സിനിമാമോഹികളെ മറികടന്ന് അങ്ങ് ഹോളിവുഡിലേക്ക് വിമാനം കയറിയ കൊച്ചിക്കാരൻ. അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ നായകനായി അരങ്ങേറ്റം കുറിച്ച് പിന്നീട് വാർണർ ബ്രദേഴ്‌സിന്റെ ഇഷ്ട നടനായിമാറിയ തോമസ് ബർളി കുരിശിങ്കൽ എന്ന തോമസ് ബർളി ഓർമ്മയാകുമ്പോൾ അദ്ദേഹം ചലച്ചിത്ര മേഖലയിൽ തീർത്ത കയ്യൊപ്പ് കൂടിയാണ് അത്ഭുതമാകുന്നത്.

അഭിനയം,ചിത്രകാരൻ, എഴുത്തുകാരൻ ഇത്തരം മോഹങ്ങളുമായാണ് തോമസ് ബർളി ചെറുപ്പം മുതൽ കൂട്ടുകൂടിയത്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് കൊച്ചിയിൽ നേതൃത്വം കൊടുത്ത സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന കുരിശിങ്കൽ തറവാട്ടിലെ കെ ജെ ബർളിയുടെയും ആനി ബർളിയുടെയും രണ്ടാമത്തെ മകനായാണ് തോമസ് ബർളിയുടെ ജനനം. ഫോർട്ട് കൊച്ചി മുൻസിപ്പാലിറ്റിയുടെ ആദ്യ ഇന്ത്യക്കാരനായ ചെയർമാൻ കെ.ബി ജേക്കബായിരുന്നു അദ്ദേഹത്തിന്റെ മുത്തച്ഛൻ.

1953 ൽ പുറത്തിറങ്ങിയ തിരമാല എന്ന ചിത്രത്തിലൂടെയാണ് ബർളി ആദ്യമായി തിരശ്ശീലയിലെത്തുന്നത്. ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പർഹിറ്റ്. നാട്ടിലുടനീളം സിനിമാനടനെന്ന പ്രൗഢി. എന്നാൽ ഇതിലൊന്നും തോമസ് ബർളി തൃപ്തനായിരുന്നില്ല. ഇംഗ്ലീഷ് സിനിമകളും അതിലെ കഥാപാത്രങ്ങളേയും ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം പതിയെ സിനിമ പഠിക്കാൻ അമേരിക്കയിലേക്ക് ചേക്കേറി. ലോകത്തിന്റെ പലയിടങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ പഠിച്ചിരുന്ന യുണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിലെ അപ്ലൈഡ് ആർട്സിൽ അദ്ദേഹം അഡ്മിഷനെടുത്തു. പ്രഗത്ഭരായ അധ്യാപകരുടെ കീഴിൽ ശിക്ഷണം. കൂടെ പഠിച്ച സഹപാഠികളിൽ പലരും അമേരിക്കയിലെ തന്നെ വലിയ സ്ഥാനങ്ങളിൽ എത്തിയവരായിരുന്നു.
പിന്നീടങ്ങോട്ടുള്ള 15 വർഷക്കാലം അവിടെ പഠനത്തിനായും ബിസിനസ്സിനായും ചിലവഴിച്ചു. ഇഷ്ടവിഷയം തിരക്കഥയായിരുന്നു. അക്കാലത്താണ് ഹോളിവുഡിലെ പ്രശസ്ത നിർമ്മാണക്കമ്പനിയായ വാർണർ ബ്രദേഴ്സിൽ ജോലി ചെയ്യാൻ തോമസ് ബർളിക്ക് അവസരം ലഭിക്കുന്നത്. ചെറിയ മെക്സിക്കൻ ഛായ ഉള്ളതിനാൾ തന്നെ ഹോളിവുഡ് സിനിമകളിലും ഇരുപത്തഞ്ചിലേറെ കൗബോയ് സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തു. കൂടാതെ ഹോളിവുഡിൽ ‘മായാ’ എന്നൊരു ചിത്രം കുട്ടികൾക്കായി അദ്ദേഹം പുറത്തിറക്കിയിരുന്നു.

തോമസ് ബർളി സ്റ്റുഡിയോയിൽ സഹായിയായി എത്തിയ കാലത്താണ് ‘ഏണസ്റ്റ് ഹെമിങ്‌വേയുടെ ഓൾഡ് മാൻ ആൻഡ് ദ് സീ’ എന്ന ചിത്രത്തിന്റെ കടൽ രംഗങ്ങൾ ബ്രദേഴ്‌സ് സ്റ്റുഡിയോയിൽ ചിത്രീകരിക്കുന്നത്. അതിനായി സ്‌റ്റുഡിയോയിലെ കൂറ്റൻ സ്ക്രീനുകളിൽ ആകാശവും സ്ക്രീനിന്റെ മുന്നിലായി കൃത്രിമമായി തിരമാലയും വരച്ചു ചേർക്കണം. അതായിരുന്നു പ്രധാന ദൗത്യം. അന്ന് ബർളി ഒരുക്കിയ കടൽ ഒരു ‘വാട്ടർ ടാങ്ക്’ ആയിരുന്നു. ഇതോടുകൂടി വാർണർ ബ്രദേഴ്‌സിന്റെ ഇഷ്ടക്കാരനായി മാറിയിരുന്നു തോമസ് ബർളി.

തന്റെ സൗഹൃദങ്ങൾ വിട്ട് നീണ്ട കാലത്തിന് ശേഷം നാട്ടിൽ തിരിച്ചത്തിയ തോമസ് ബർളി താമസിയാതെ സോഫിയയെ ജീവിതത്തിലേക്ക് കൂടെക്കൂട്ടി. ‘ഇതു മനുഷ്യനോ’, 1985 ൽ പ്രേംനസീർ നായകനായ വെള്ളരിക്കാപ്പട്ടണം തുടങ്ങി 2 ചിത്രങ്ങളിലൂടെ സംവിധായക വേഷവും അദ്ദേഹം അണിഞ്ഞു.പിന്നീട് ചെമ്മീൻ കയറ്റുമതിയിലേക്ക് തിരിഞ്ഞ ബർളി പതിയെ തന്റെ ബിസിനസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഏറേ കാലങ്ങൾക്കു ശേഷം ലിജോ ജോസ് പല്ലിശ്ശേരിയുടെ 2015 ൽ പുറത്തിറങ്ങിയ ‘ഡബിൾ ബാരൽ’ എന്ന സിനിമയിൽ ഹോളിവുഡ് സ്റ്റൈലിലുള്ള അധോലോക നായകന്റെ വേഷം പകർന്നാടിക്കൊണ്ടാണ് അദ്ദേഹം തിരശ്ശീലയിൽ നിന്ന് പിൻവാങ്ങിയത്.

Story Highlights : Thomas Berly filmmaker passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here