Advertisement

കാടിറങ്ങുന്ന ഭീതി; വഴിവിളക്കുകളില്ല, ആറുമണി കഴിഞ്ഞാൽ ക്ണാച്ചേരി കൂരിരുട്ടിൽ; കൊലവഴിയായി വനപാത

December 18, 2024
2 minutes Read

മനുഷ്യ – വന്യജീവി സംഘർഷം മുൻപില്ലാത്ത വിധം സംസ്ഥാനത്ത് വർധിക്കുകയാണ്. അതിനിടെയാണ് കുട്ടമ്പുഴ ക്ണാച്ചേരിയിലെ എൽദോസ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വന്യമൃഗങ്ങളുടെ ആക്രമണ ഭീതിയിലാണ് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ. വനംവകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് പ്രദേശവാസികൾ.

ആനയെയും വന്യമൃഗങ്ങളെയും കാണാത്തവരല്ല കുട്ടമ്പുഴക്കാർ. വീട്ടു മുറ്റത്തും, വഴിവക്കിലുമെല്ലാം ഒറ്റയ്ക്കും കൂട്ടമായും അവയെത്താറുണ്ട്. കുട്ടമ്പുഴയ്ക്ക് അപ്പുറം ഉരുളൻതണ്ണി മുതൽ ക്ണാച്ചേരി വരെയുള്ള രണ്ട് കിലോമീറ്ററോളം ദൂരം കൊലവഴിയാണ്. സ്കൂൾ കുട്ടികളും തൊഴിലാളികളും അടങ്ങുന്ന പ്രദേശവാസികളെ ആന തലങ്ങും വിലങ്ങും ഓടിച്ചിട്ടുണ്ട്. വനം വകുപ്പിനോട് പരാതി പറഞ്ഞാലും പരിഹാരമില്ലെന്നതിനാൽ ആ കൊലവഴി തന്നെ ഇന്നാട്ടുകാർ ഉപയോഗിച്ചു പോന്നു. അതുപോലൊരു യാത്രയിലാണ് കുടുംബത്തിൻ്റെ ഏക ആശ്രയമായ എൽദോസിന്റെ ജീവൻ കാട്ടാന കവർന്നത്.

Read Also: സർക്കാരിന് തിരിച്ചടി; തദ്ദേശ വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

ആറുമണി കഴിഞ്ഞാൽ ക്ണാച്ചേരിയിലേക്കുള്ള വനപാത കൂരിരുട്ടിൽ മുങ്ങും. കൈവശം ടോർച്ച് ഉണ്ടെങ്കിൽ പോലും കാണാത്തത്ര കുറ്റാക്കുറ്റിരുട്ട്. കാടിനുള്ളിൽ മറഞ്ഞിരിക്കുന്ന കാട്ടാന മനുഷ്യ സാന്നിധ്യം കണ്ടാൽ അക്രമകാരിയാകും. ഇത് തടയാൻ റോഡിന് ഇരുവശവും ആഴത്തിൽ ട്രെഞ്ച് കുഴിക്കുകയാണ് ഒരു മാർഗ്ഗം. കാലുപിടിച്ചു പറഞ്ഞിട്ടും, കേണപേക്ഷിച്ചിട്ടും നടക്കാതിരുന്ന കാര്യം എൽദോസിന്റെ ജീവൻ കൊടുത്ത് നേടേണ്ടിവന്നു. പണി പതിയെ ആരംഭിച്ചിട്ടുണ്ട് വനം വകുപ്പ്. സോളാർ ഹാങ്ങിങ് ഫെൻസിംഗ് വേണമെന്ന ആവശ്യം പക്ഷേ നൂലാമാലകളിൽ പെട്ടു കിടക്കുകയാണ്.

ഉരുളൻതണ്ണിയിൽ നിന്നും ക്ണാച്ചേരിയിലേക്ക് പോകുന്ന വഴിയിൽ വഴിവിളക്കുകൾ വന്നാൽ പകുതി പ്രശ്നം തീരും. നല്ല വെളിച്ചമുണ്ടെങ്കിൽ വന്യമൃഗങ്ങൾ ഇതുവഴിയുള്ള സഞ്ചാരം ഒഴിവാക്കും. ആനയോ വന്യമൃഗങ്ങളോ മറഞ്ഞിരുന്നാലും വഴി ഉപയോഗിക്കുന്നവർക്ക് വേഗം കാണാം. പക്ഷേ വൈദ്യുതി വിളക്കുകൾ തെളിക്കുന്നത് മൃഗങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന പേരിൽ വനം വകുപ്പ് തടസ്സം പറയുകയാണ്. എൽദോസ് മരിച്ച ദിവസമാണ് വളരെ കാലത്തിനു ശേഷം രണ്ടോ മൂന്നോ വൈദ്യുത പോസ്റ്റുകളിൽ ലൈറ്റ് തെളിഞ്ഞത്.

ഒന്നര രണ്ടു കിലോമീറ്റർ ദൂരം ജീവൻ കയ്യിൽ പിടിച്ചു വേണം ക്ണാച്ചേരിയിലെ 65ലേറെ വരുന്ന പാവങ്ങൾക്ക് വീട് പിടിക്കാൻ. കോതമംഗലത്തും മറ്റ് സ്ഥലങ്ങളിലും പണിക്കു പോകുന്നവർ മുഴുവൻ തിരികെ എത്താൻ ആറുമണി എങ്കിലും കഴിയും. ആറുമണിക്ക് ശേഷം ഓട്ടം വിളിച്ചാൽ ഭയം മൂലം ഓട്ടോറിക്ഷക്കാർ പോകാറുമില്ല. വനംവകുപ്പിന്റെ വാഹനത്തിൽ ചില സാഹചര്യങ്ങളിൽ വീടുകളിലേക്ക് എത്തിക്കാറുണ്ട്. അടുത്തിടെയായി ആ വാഹനവും പണിമുടക്കിലാണ്.

എത്രകണ്ട് കൃഷി ചെയ്താലും, സാധാരണ ഫെൻസിങ് ഇട്ടാലും ആന ഇറങ്ങി കൃഷി നശിപ്പിക്കും. കൃഷിക്കായി ഇറക്കിയ പണം മുഴുവൻ നഷ്ടം. മുറ്റത്തേക്ക് ഇറങ്ങിയാൽ തലങ്ങും വിലങ്ങും ആനയും വന്യമൃഗങ്ങളും. വീടിന് നേർക്ക് ആക്രമണങ്ങൾ നിരവധി തവണ ഉണ്ടായി. തൊഴിൽ, പഠന ആവശ്യം തുടങ്ങി വന്യമൃഗ ഭീതി മൂലം മുടങ്ങുന്ന അവസ്ഥ. ഈ പ്രതിസന്ധിയിൽ മനം മടുത്താണ് പലരും ക്ണാച്ചേരി ഉപക്ഷിച്ചിറങ്ങിയത്.

Story Highlights : Kuttampuzha Knachery forest road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top