‘സന്നിഗ്ധാവസ്ഥയാണ്, എം ടിയുടെ ബന്ധുക്കളെല്ലാം ഇവിടെയുണ്ട്’; എം ടി വാസുദേവന്‍ നായരെ ഐസിയുവിലെത്തി സന്ദര്‍ശിച്ച് എം എന്‍ കാരശ്ശേരി

എം ടി വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് എം എന്‍ കാരശ്ശേരി. സന്നിഗ്ധാവസ്ഥയാണെന്നും എം ടി വാസുദേവന്‍ നായരുടെ ബന്ധുക്കളെല്ലാം ആശുപത്രിയിലുണ്ടെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു. നിലവില്‍ എം ടി ഐസിയുവില്‍ തന്നെ തുടരുകയാണ്. താന്‍ അദ്ദേഹത്തെ ഐസിയുവിലെത്തി കണ്ടിരുന്നു. എം ടി ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് കണ്ണടച്ച് കിടക്കുകയായിയുരുന്നു. താന്‍ വിളിച്ചിട്ടും സംസാരിച്ചിട്ടും പ്രതികരിച്ചില്ലെന്നും കാരശ്ശേരി ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. (M. N. Karassery on M T vasudevan nair’s health condition)
എം ടിയ്ക്ക് ഓര്‍മ നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ശാരീരിക ക്ഷീണം കൊണ്ട് പ്രതികരിക്കാനാകാത്തതാണെന്ന് ബന്ധുക്കള്‍ പറഞ്ഞതായി എം എന്‍ കാരശ്ശേരി പറഞ്ഞു. അമേരിക്കയില്‍ നിന്ന് അദ്ദേഹത്തിന്റെ മൂത്ത മകള്‍ സിത്താരയും കുടുംബവും എത്തിയിരുന്നു. ഇളയമകള്‍ അശ്വതിയും കുടുംബവും എം ടിയുടെ ഭാര്യയും ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലുണ്ട്. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അത് കുറഞ്ഞെങ്കിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം എം ടി വാസുദേവന്‍ നായരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണെന്നാണ് മനസിലാക്കുന്നതെന്നും കാരശ്ശേരി കൂട്ടിച്ചേര്‍ത്തു.
Read Also: എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു | MT Vasudevan Nair – Live Blog
എം ടിയ്ക്ക് ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതരാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ബേബി മെമ്മോറിയല്‍ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കാര്‍ഡിയോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചികിത്സ നല്‍കിവരികയാണ്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഈ മാസം 15നാണ് എം ടിയെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കാണ് ചികിത്സ തേടിയിരുന്നത്. ചികിത്സയ്ക്കിടയില്‍ അദ്ദേഹത്തിന് വീണ്ടും ഹൃദയസ്തംഭനമുണ്ടായെന്നും സാധ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കുന്നുണ്ടെന്നും ബേബി മെമ്മോറിയല്‍ ആശുപത്രി അറിയിച്ചു. ഓക്‌സിജന്റെ അളവ് കുറയുന്നതിനാല്‍ വെന്റിലേറ്റര്‍ സഹായം വേണ്ടിവന്നേക്കാം. വിദഗ്ധ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ഈ മാസം പല തവണയായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
Story Highlights : M. N. Karassery on M T vasudevan nair’s health condition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here