ഇന്ത്യന്‍ ചാണകത്തിന് പൊന്നുംവില, ‘ക്യൂ നിന്ന്’ ഗൾഫ് രാജ്യങ്ങൾ; ടൺ കണക്കിന് ഇറക്കുമതി

ഇന്ത്യയിൽ നിന്ന് വൻ തോതിൽ ചാണകം ഇറക്കുമതി നടത്തി ഗൾഫ് രാജ്യങ്ങൾ. ക്രൂഡ് ഓയിൽ, ഗ്യാസ് ശേഖരം കൊണ്ട് സമ്പന്നമായ രാജ്യങ്ങളാണ് ഇന്ത്യയിലെ ചാണകം വൻതോതിൽ ഇറക്കുമതി ചെയ്യുന്നത്. അടുത്തിടെ ഇന്ത്യയിൽ നിന്ന് 192 മെട്രിക് ടൺ ചാണകമാണ് കുവൈറ്റ് ഇറക്കുമതി നടത്തിയത്. ഇക്കണോമിക് ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
ഭാവിയിലും ഗൾഫ് രാജ്യങ്ങളിലെ ഡിമാൻഡ് വർധിക്കുമെന്നതിനാൽ ഇന്ത്യയിലെ സപ്ലൈ ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തെ കർഷകർക്കു മാത്രമല്ല, ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയ്ക്കും വൻ തോതിലുള്ള കയറ്റുമതി സംഭാവന നൽകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
കുവൈറ്റിന്റെ ചുവടു പിടിച്ച് മറ്റ് അറബ് രാജ്യങ്ങളും ചാണകത്തിന്റെ ഇറക്കുമതി വർധിപ്പിക്കുകയാണ്. എന്താണ് ഇതു കൊണ്ടുള്ള നേട്ടമെന്ന് പലരും ആശ്ചര്യപ്പെടുന്നു. മറ്റ് അറേബ്യന്‍ രാജ്യങ്ങളും ഇന്ത്യന്‍ ചാണകം ഇറക്കുമതി ചെയ്യുന്നുണ്ട്. ക്രൂഡ്‌ഓയില്‍ നിന്നുള്ള പണമാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളുടെ വരുമാന സ്രോതസ്. എന്നിട്ടും എന്തിനാണ് അവര്‍ ചാണകം കൂടുതലായി വാങ്ങിക്കൂട്ടുന്നതെന്ന് നോക്കാം.
കാർഷിക മേഖലയിലെ ഉപയോഗം
അടുത്തിടെ ചാണകത്തിന്റെ പ്രത്യേക ഉപയോഗങ്ങളെക്കുറിച്ച് കാർഷിക രംഗത്ത് പുതിയ കണ്ടു പിടിത്തങ്ങളുണ്ടായി. ഈന്തപ്പനകൾ കൊണ്ട് സമ്പന്നമാണ് ഗൾഫ് രാജ്യങ്ങൾ. അവിടത്തെ പ്രധാന കാർഷികോല്പന്നവുമാണ് ഇത്. അടുത്തിടെ സൗദി, ഈന്തപ്പഴത്തിൽ നിന്ന് കോള വരെ ഉല്പാദിപ്പിച്ചിരുന്നു. ഗൾഫ് നാടുകളിലെ ഈന്തപ്പഴ വിളകളുടെ വളർച്ചയ്ക്ക് ഏറ്റവുമധികം സഹായകമാകുന്ന ഒന്നാണ് ചാണകമെന്ന് അടുത്തിടെ നടന്ന ഗവേഷണങ്ങൾ വെളിവാക്കിയിരുന്നു.
ചാണകം വളമായി ഉപയോഗിക്കുന്നതിലൂടെ ആകെയുള്ള ഉല്പാദനത്തിൽ വലിയ വർധനയാണുണ്ടായത്. കൂടാതെ വിളകളുടെ വലിപ്പത്തിലും വ്യത്യാസമുണ്ടായി. ഇതോടെ കുവൈറ്റ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ചാണകത്തിന് ആവശ്യക്കാർ ഏറെയുണ്ടായി. ഇതാണ് ഇന്ത്യയിൽ നിന്നുള്ള ചാണകക്കയറ്റുമതി ഇരട്ടിയോളം വർധിക്കാൻ കാരണം.
ഇന്ത്യയിലെ സാധ്യതകൾ
ഇന്ത്യയിൽ ഇപ്പോൾ പലവിധത്തിൽ ചാണകം ഉപയോഗിക്കുന്നുണ്ട്. ഇന്ധനം, ബയോഗ്യാസ് തുടങ്ങിയവയുടെ ഉല്പാദനം, പരിസ്ഥിതി സൗഹാർദ ഉല്പന്നങ്ങളുടെ നിർമാണം, ജൈവവളം എന്നീ നിലകളിലെല്ലാം ചാണകം ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ കാലങ്ങൾക്ക് മുമ്പേ ചാണകം വളമായും മറ്റും ഉപയോഗിച്ചു പോരുന്നുണ്ട്. എന്നാൽ അന്തർദേശീയ വിപണിയിൽ ചാണകത്തിന് ഇപ്പോഴാണ് ശ്രദ്ധ ലഭിക്കുന്നത്.
ഇപ്പോൾ ഒരു കിലോ ചാണകത്തിന് 30 രൂപ മുതൽ 50 രൂപ വരെയാണ് വില. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഡിമാൻഡ് ഉയരുന്ന സാഹചര്യത്തിൽ വില വർധിക്കാനുള്ള സാധ്യതകളാണുള്ളത്. ഇന്ത്യയിൽ ഏകദേശം 300 ദശലക്ഷം പശുക്കളുണ്ടെന്നാണ് കണക്ക്. ഇവയിൽ നിന്ന് ഒരു ദിവസം ഏകദേശം 30 ദശലക്ഷം ടൺ ചാണകമാണ് ലഭിക്കുക. ഇത് വിപണിയിലെത്തിച്ചാൽ സാമ്പത്തിക മേഖലയ്ക്ക് പുതിയ ഉണർവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
Story Highlights : hike for indias cow dung in gulf countries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here