ഇന്തോനേഷ്യൻ ഹജ്ജ് തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പുവരുത്തി ലുലു; 140ലേറെ സ്പെഷ്യൽ സ്റ്റോറുകൾ തുറക്കും; നിർണായക കരാറിൽ ഒപ്പുവച്ചു

വിശുദ്ധ ഹജ്ജ് കർമ്മത്തിനും ഉംറ നിർവ്വഹിക്കാനും പുണ്യനഗരങ്ങളായ മക്കയിലും മദീനയിലുമെത്തുന്ന 2.5 മില്യൺ ഇന്തോനേഷ്യൻ തീർത്ഥാടകർക്ക് മികച്ച സേവനവും പരിചരണവും നൽകുന്നതിനായി ഉയർന്ന നിലവാരത്തിലുള്ള ഉത്പന്നങ്ങളും അവശ്യവസ്തുക്കളും ഉറപ്പാക്കി ലുലു റീട്ടെയ്ൽ. മക്ക മദീനയിലും ഇതിനായി 140 ലേറെ സ്പെഷ്യൽ കമ്മീഷ്ണറികൾ ലുലു തുറക്കും. 2025ൽ ഹജ്ജ് നിർവ്വഹിക്കാനെത്തുന്ന ഇന്തോനേഷ്യൻ തീർത്ഥാടകർക്ക് ഇന്തോനേഷ്യയിൽ നിന്ന് ഉൾപ്പടെയുള്ള ഗ്രോസറി, ഭക്ഷ്യ ത്പന്നങ്ങൾ മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ വിപുലമായ ശേഖരം ലുലു ലഭ്യമാക്കും. ഇതിനായി ഇന്തോനേഷ്യൻ ഹജ്ജ് ബോർഡുമായി ലുലു ധാരണാപത്രം ഒപ്പുവച്ചു.
ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐയുടെ സാന്നിദ്ധ്യത്തിൽ ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ്, ഇന്തോനേഷ്യൻ ഹജ്ജ് ഫണ്ട് മാനേജ്‌മെന്റ് ഏജൻസിയുടെ(BPKH) എക്‌സിക്യൂട്ടീവ് ബോർഡ് അംഗമായ ഹാരി അലക്‌സാണ്ടർ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ലുലു ഹൈപ്പർമാർക്കറ്റ് വെസ്റ്റേൺ പ്രൊവിൻസ് റീജിയണൽ ഡയറക്ടർ റഫീക് മുഹമ്മദ് അലി, ഇന്തോനേഷ്യൻ ട്രേഡ് കൌൺസിൽ ജിദ്ദ ഡയറക്ടർ ബാഗാസ് എന്നിവരും ചടങ്ങിൽ ഭാഗമായി.
തീർത്ഥാടകർക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാത്രയിൽ തന്നെ മികച്ച സേവനം ലുലുവിന് നൽകാൻ കഴിയുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ പറഞ്ഞു. ഇന്തോനേഷ്യൻ ഹജ്ജ് തീർത്ഥാടകർക്കു മികച്ച സേവനവും പരിചരണവും ഉറപ്പാക്കുമെന്നും തീർത്ഥാടകർക്ക് ഈ സേവനം കൂടുതൽ സൗകര്യമേകുമെന്നും സലിം വി.ഐ കൂട്ടിചേർത്തു.
റീട്ടെയ്ൽ രംഗത്തെ ആഗോള ബ്രാൻഡായ ലുലുവിന്റെ സേവനം ഇന്തോനേഷ്യയിൽ നിന്നുള്ള തീർത്ഥാടകർക്ക് ലഭ്യമാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ലുലുവിന്റെ ചുവടുവയ്പ്പ് മാതൃകാപരമെന്നും ഇന്തോനേഷ്യൻ ഹജ്ജ് ബോർഡ് പ്രതിനിധി ഹാരി അലക്‌സാണ്ടർ വ്യക്തമാക്കി.
ഹജ്ജ് ഉംറ കർമ്മങ്ങൾക്കായി സൗദി അറേബ്യയിലേക്ക് ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്തോനേഷ്യ. പ്രതിവർഷം 2.5 മില്യൺ തീർത്ഥാടകരിലേറെയാണ് ഇന്തോനേഷ്യയിൽ നിന്ന് മക്ക മദീനയിലേക്ക് എത്തുന്നത്. തീർത്ഥാടകർക്ക് ആവശ്യമായ അവശ്യവസ്തുക്കൾ മികച്ച നിലവാരത്തിലും ഗുണമേന്മയിലും ഉറപ്പുവരുത്തുകയാണ് ലുലു റീട്ടെയ്ൽ ഗ്രൂപ്പ്.
Story Highlights : Lulu to ensure the service for Indonesian Hajj pilgrims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here