Advertisement

‘കോഴിക്കോട് വിലാസിനിയെ കുട്ട്യേടത്തി വിലാസിനി ആക്കിയ വാസുവേട്ടന്‍’; വിതുമ്പലടക്കാനാവാതെ താരം

December 26, 2024
2 minutes Read
kuttiyedathi_

കോഴിക്കോട് വിലാസിനി കുട്ട്യേടത്തി വിലാസിനി ആകുന്നത് എം ടി- പി എന്‍ മേനോന്‍ കൂട്ടുകെട്ടില്‍ പിറന്ന കുട്ട്യേടേത്തി സിനിമയിലൂടെയാണ്. വീണ്ടും എംടിയുടെ സിത്താരയിലെത്തിയ വിലാസിനിയ്ക്ക് വിതുമ്പലടക്കാനായില്ല. ഓര്‍മ്മകള്‍ പതിറ്റാണ്ടുകള്‍ പിന്നിലേക്ക് പോകുമ്പോള്‍ വിലാസിനിയ്ക്ക് ജീവിതം നല്‍കിയത് പ്രിയപ്പെട്ട വാസുവേട്ടന്റെ ഒരു ഫോണ്‍കോള്‍ ആയിരുന്നു.

നായികാ കഥാപാത്രങ്ങളെക്കുറിച്ചുള്ള പതിവ് ധാരണകളെ തെറ്റിച്ച് കുട്ട്യേടത്തിയിലെ പ്രധാന കഥാപാത്രമായ മാളൂട്ടി വെള്ളിത്തിരയില്‍ തിളങ്ങി. അത് നാടകത്തില്‍ നിന്ന് സിനിമയിലേക്കുള്ള ഒരു നടിയുടെ കാല്‍വെപ്പ് ആയിരുന്നു. 1971ല്‍ അങ്ങനെ കോഴിക്കോട് വിലാസിനി കുട്യേടത്തി വിലാസിനിയായി. കുട്ട്യേടത്തിയുടെ കഥയും തിരക്കഥയുമെഴുതിയ എം.ടി സിത്താര വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നു. സത്യനാണ് നായകന്‍ എന്നും നായിക വിലാസിനിയാണെന്നും പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിയാതിരുന്ന ഒരു പെണ്‍കുട്ടിയുടെ ഞെട്ടല്‍ ഇപ്പോഴും മനസ്സിലുണ്ട്. ഇന്ന് വീണ്ടും ആ പഴയ നായിക, സിത്താരയിലേക്ക് എത്തി. നിറഞ്ഞ കണ്ണുകളും പതറിയ വാക്കുകളും സാക്ഷി.

അഞ്ചു പതിറ്റാണ്ട് മുന്‍പത്തെ ഒരു കൂടിക്കാഴ്ച അവസാനിക്കുന്നത് ഇങ്ങനെയാണ്. കാര്യങ്ങളെല്ലാം വിശദീകരിച്ച ശേഷം അഭിനയത്തിനുള്ള അഡ്വാന്‍സായി 110 രൂപ വാസുവേട്ടന്‍ നല്‍കി. ആ പണം കൊണ്ട് വിലാസിനി ഒരു സാരി വാങ്ങി. ആ സാരി ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. മരിച്ചുകഴിഞ്ഞാല്‍ അത് പുതപ്പിക്കണമെന്ന് പറഞ്ഞ ഏല്‍പ്പിച്ചിട്ടുണ്ട് വിലാസിനി ചേച്ചി. വരിഞ്ഞുമുറുക്കുന്ന പ്രിയപ്പെട്ട ഓര്‍മ്മകള്‍.

Story Highlights : Actress Kuttyedathy-vilasini shares memories about M T Vasudevan Nair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top