സുകൃതത്തിലെ രവിശങ്കറിനെപ്പോലെ മരണത്തില്‍ നിന്ന് മടങ്ങി വന്നു; എം ടി മദ്യപാനം നിര്‍ത്തിയ കഥ

മരണത്തില്‍ നിന്ന് മടങ്ങി വന്ന രവിശങ്കര്‍, എംടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ഹരികുമാര്‍ സംവിധാനം ചെയ്ത സുകൃതം ( 1994 ) എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം. എംടിയുടെ ആത്മാംശമുള്ള കഥാപാത്രം. രവിശങ്കറിനെ പോലെ മരണത്തിന്റെ വായില്‍ നിന്ന് തിരിച്ചുവന്ന അനുഭവം എംടിക്കുമുണ്ട്. മദ്യപാനമാണ് കാരണം. സൗഹൃദസദസുകളില്‍ കളിയായി തുടങ്ങിയ ശീലം 20 വര്‍ഷക്കാലം എംടിയെ ഭരിച്ചു. അതിന്റെ നേര്‍ സാക്ഷ്യമായി ഒരിക്കല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതിയതിങ്ങനെ – അക്കാലത്ത് ഞെട്ടിക്കുന്നതായിരുന്നു എം ടിയുടെ മദ്യപാനം. ജോലിയില്ലാത്ത ദിവസങ്ങളില്‍ അതിരാവിലെ തുടങ്ങി ഒരു കുപ്പി തീര്‍ക്കും.
ഒടുവില്‍ അമിത മദ്യപാനം കാരണം കരള്‍ രോഗം വന്ന് മരണത്തെ മുഖാമുഖം കണ്ടു എം ടി. രവിശങ്കറിനെപ്പോലെ തന്റെ ആസന്ന മരണത്തിനായി കാത്തിരുന്ന് വിധിയോട് സന്ധിചെയ്തിരുന്നുകാണും എം ടിയും. ചിത്രത്തില്‍ ഒരു രംഗമുണ്ട്. പത്ര പ്രവര്‍ത്തകനായ രവിശങ്കറിന് സ്വന്തം മരണവാര്‍ത്തയുടെ ഒരു പകര്‍പ്പ് ഓഫീസില്‍ നിന്ന് വായിക്കാന്‍ കിട്ടുന്നു. ഇത് എംടിയുടെ സ്വന്തം അനുഭവമാണ്. ഇനി കുടിച്ചാല്‍ മരണം ഉറപ്പ് എന്ന ഡോക്ടറുടെ മുന്നറിയിപ്പ് അംഗീകരിച്ച എം ടി ഡിസ്ചാര്‍ജായ ശേഷം ആ ശീലം പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു.
Read Also: ‘നിശബ്ദര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും എംടി ശബ്ദം നല്‍കി’; അനുശോചിച്ച് പ്രധാനമന്ത്രി
പിന്നീട് മദ്യം കൊണ്ട് തന്റെ സാഹിത്യത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. 1994-ല്‍ കോഴിക്കോട് സുരക്ഷ ചികിത്സാകേന്ദ്രം നടത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടിയിലായിരുന്നു വെളിപ്പെടുത്തല്‍. മദ്യപിച്ച് ഒരു കത്തെഴുതാന്‍ പോലും തനിക്ക് സാധിച്ചിട്ടില്ലെന്നും ശാരീരികമായും മാനസികമായും മദ്യം തന്നെ തളര്‍ത്തിയെന്നും എം ടി അന്ന് സമ്മതിച്ചു.
കുടിച്ചാല്‍ എഴുതാന്‍ പറ്റില്ലെന്ന് പിന്നെയും പലതവണ എം ടി ആവര്‍ത്തിച്ചിട്ടുണ്ട്. മനുഷ്യനെ ചീത്തയാക്കാനല്ലാതെ ഒന്നിനും മദ്യത്തിന് കഴിയില്ലെന്നും സമയവും പണവും ഇത് നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു വച്ചു. തന്റെ ജീവിതാനുഭവത്തില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഓരോന്നും.
Story Highlights : M T Vasudevan Nair’s life story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here