അദ്ദേഹം എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണ് ഞാനെന്നു എനിക്ക് തോന്നി: മമ്മൂട്ടി

എം ടി വാസുദേവന്റെ നിര്യാണത്തില്‍ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് കുറിപ്പുമായി മമ്മൂട്ടി. തന്റെ സ്‌നേഹിതനായും സഹോദരനായും പിതാവായുമൊക്കെ നിറയുന്ന സ്‌നേഹ ബന്ധത്തെ ഏറെ വൈകാരികമായാണ് മമ്മൂട്ടി അനുസ്മരിക്കുന്നത്. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി അനുസ്മരിച്ചു. വടക്കന്‍ വീരഗാഥ മുതല്‍ പഴശ്ശിരാജ വരെയുള്ള എം ടി കഥാപാത്രങ്ങളെ മമ്മൂട്ടി അനശ്വരമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ താനവതരിപ്പിച്ചിട്ടുണ്ടെന്നും തന്നെ സംബന്ധിച്ച് ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. (Mammootty facebook post on M T Vasudevan nair)
മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ:
ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു.
സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.
നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍,
ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.
ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്
സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.
Story Highlights : Mammootty facebook post on M T Vasudevan nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here