Advertisement

ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖം; ഉദാരവൽക്കരണത്തിന്റെ ഉപജ്ഞാതാവ്; മൻമോഹൻ സിങ്ങിന് വിട

December 26, 2024
Google News 2 minutes Read

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് വിടപറയുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സൗമ്യമുഖം കൂടിയാണ് ഇല്ലാതാകുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 33 വർഷക്കാലത്തെ സേവനത്തിന് ശേഷം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്. ഉദാരവൽക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം 2004-14 കാലഘട്ടത്തിൽ തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായി. സിഖ്‌ മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിങ്.

സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ്‌ രാഷ്ട്രീയ വഴിയിലെത്തിയത്. ഒടുവിൽ 2004 മേയ്‌ 22ന് ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലെത്തി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു യുപിഎ സർക്കാർ നിലവിൽ വന്നത്. എന്നാൽ അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചതോടെ 2008 ജൂലൈ 22ന് മൻമോഹൻ സർക്കാർ ലോക്സഭയിൽ വിശ്വാസവോട്ട് തേടി. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടു കൂടി സർക്കാർ വിശ്വാസവോട്ട് അതിജീവിക്കുകയായിരുന്നു.

2009ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ വീണ്ടും അധികാരത്തിലെത്തിയപ്പോൾ മൻമോഹൻസിങ് വീണ്ടും പ്രധാനമന്ത്രിയായി. 2014 മേയ് 26ന് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു. അസമിൽ നിന്നുളള രാജ്യസഭാംഗം എന്ന നിലയ്ക്കാണ് മൻമോഹൻസിങ് ധനമന്ത്രിയും പ്രധാനമന്ത്രിയും ആയത്. അദ്ദേഹം ലോക്സഭയിൽ അംഗമായിട്ടില്ല.

Read Also: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

നരസിംഹ റാവുവിന്റെ കീഴിൽ ധനമന്ത്രി പദത്തിലിരിക്കുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കി. ഇന്ത്യൻ സാമ്പത്തിക രംഗം ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും വേണ്ടി തുറന്നിടുകയായിരുന്നു ആദ്യത്തെ പരിഷ്കാരം. സാമ്പത്തിക നയങ്ങൾക്ക് പുറമേ, ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങൾ, കാർഷികവായ്പ എഴുതിത്തളളൽ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറൽ ഹെൽത്ത് മിഷൻ, യൂണിക്ക് െഎഡ‍റ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരണം, വിവരാവകാശ നിയമം തുടങ്ങിയ പ്രവർത്തനങ്ങളും ശ്രദ്ധേയമായിരുന്നു.

പ്രധാനമന്ത്രി പഥത്തിൽ എത്തും മുൻപ് റിസർവ് ബാങ്ക് ഗവർണറായും (1982- 85), രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്‌ടറായും (1985), ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായും (1985– 87), നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായും (1991–96), രാജ്യസഭാ പ്രതിപക്ഷ നേതാവായും (1998– 2004), യുജിസി അധ്യക്ഷ പദവിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991 ലെ ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ ആവിഷ്കർത്താവ് എന്ന നിലയിലും മൻമോഹൻസിങ് അറിയപ്പെടുന്നു.

Story Highlights : Manmohan Singh: Reformer who unfettered economy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here