Advertisement

ദുർബല സമ്പദ് വ്യവസ്ഥയെ കരുത്തുറ്റതാക്കിയ പ്രധാനി; ഉദാരവത്കരണ ഇന്ത്യയുടെ നായകൻ; ഡോ. മൻമോഹൻ സിങ് ഇനി ഓർമ

December 26, 2024
2 minutes Read

നീണ്ട പത്തുവർഷം ഇന്ത്യയെ നയിച്ച ഡോ. മൻമോഹൻ സിങ് ഇനി ഓർമ. ഉദാരവത്കരണ ഇന്ത്യയുടെ നായകനാണ് വിടവാങ്ങിയത്. ദുർബലമായിരുന്ന സമ്പദ് വ്യവസ്ഥയെ കരുത്തുറ്റതാക്കിയതിൽ പ്രധാനിയായിരുന്നു മൻമോഹൻ സിങ്. ഇന്ത്യയിലെ എക്കാലത്തെയും പ്രമുഖ സാമ്പത്തിക വിദ​ഗ്ധനായിരുന്നു ഡോ. മൻമോഹൻ സിങ്.

നരസിംഹറാവു മന്ത്രിസഭയിൽ 1991 ൽ മൻമോഹൻ ധനമന്ത്രിയായ മൻമോഹൻ സിങ് സാമ്പത്തിക മേഖലയിൽ സുപ്രധാന പരിഷ്കരണങ്ങൾ നടപ്പാക്കി. ‌‌ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ആഗോളീകരണത്തിലേക്ക് നയിച്ച പ്രധാനിയായി മാറി. 2004 മുതൽ നീണ്ട പത്ത് വർഷക്കാലം ഇന്ത്യയെ നയിച്ചു. ലോക സമ്പദ് വ്യവസ്ഥ മാറിമറിഞ്ഞ കാലത്ത് രാജ്യത്തിന് കരുത്തേകി. തൊഴിലുറപ്പും ഭക്ഷ്യ സുരക്ഷയുമടക്കം സുപ്രധാന പദ്ധതികൾ നടപ്പാക്കി.

90 കളിൽ തുടക്കമിട്ട ഉദാരവത്കരണത്തിന്റെ രണ്ടാം ഘട്ടത്തിനും മൻമോഹൻ സിങ് നേതൃത്വം നൽകി. സംഭവബഹുല ജീവിതത്തിനാണ് വിരാമമായിരിക്കുന്നത്. അപ്രതീക്ഷിതമായിരുന്നു മൻമോഹൻ സിങിന്റെ പ്രധാനമന്ത്രിപദം. ഇഴഞ്ഞുനീങ്ങിയ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആഗോള മത്സര രംഗത്തേക്ക് തുറന്നുവിട്ട് സമ്പൂർണ മാറ്റത്തിനായിരുന്നു മൻമോഹൻ സിങ് വഴിയൊരുക്കിയത്. നരസിംഹ റാവുവിന്റെ കീഴിൽ ധനമന്ത്രി പദത്തിലിരിക്കുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കി. ഇന്ത്യൻ സാമ്പത്തിക രംഗം ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും വേണ്ടി തുറന്നിടുകയായിരുന്നു ആദ്യത്തെ പരിഷ്കാരം.

Read Also: ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖം; ഉദാരവൽക്കരണത്തിന്റെ ഉപജ്ഞാതാവ്; മൻമോഹൻ സിങ്ങിന് വിട

സാമ്പത്തിക നയങ്ങൾക്ക് പുറമേ, ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങൾ, കാർഷികവായ്പ എഴുതിത്തളളൽ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറൽ ഹെൽത്ത് മിഷൻ, യൂണിക്ക് െഎഡ‍റ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരണം, വിവരാവകാശ നിയമം തുടങ്ങിയ പ്രവർത്തനങ്ങളും ശ്രദ്ധേയമായിരുന്നു. പ്രധാനമന്ത്രി പഥത്തിൽ എത്തും മുൻപ് റിസർവ് ബാങ്ക് ഗവർണറായും (1982- 85), രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്‌ടറായും (1985), ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായും (1985– 87), നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായും (1991–96), രാജ്യസഭാ പ്രതിപക്ഷ നേതാവായും (1998– 2004), യുജിസി അധ്യക്ഷ പദവിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991 ലെ ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ ആവിഷ്കർത്താവ് എന്ന നിലയിലും മൻമോഹൻസിങ് അറിയപ്പെടുന്നു.

സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ്‌ രാഷ്ട്രീയ വഴിയിലെത്തിയത്. ഒടുവിൽ 2004 മേയ്‌ 22ന് ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലെത്തി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു യുപിഎ സർക്കാർ നിലവിൽ വന്നത്. എന്നാൽ അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചതോടെ 2008 ജൂലൈ 22ന് മൻമോഹൻ സർക്കാർ ലോക്സഭയിൽ വിശ്വാസവോട്ട് തേടി. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടു കൂടി സർക്കാർ വിശ്വാസവോട്ട് അതിജീവിക്കുകയായിരുന്നു. 2009ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ വീണ്ടും അധികാരത്തിലെത്തിയപ്പോൾ മൻമോഹൻസിങ് വീണ്ടും പ്രധാനമന്ത്രിയായി. 2014 മേയ് 26ന് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു.

Story Highlights : Manmohan Singh who took India economically forward

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top