പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; അല്ലു അർജുന്റെ ജാമ്യഹർജി മാറ്റി

പുഷ്പ 2 വിന്റെ പ്രിമിയർ ഷോയ്ക്കിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ജാമ്യഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. അല്ലു അർജുൻ ഓൺലൈൻ വഴിയാണ് നാമ്പള്ളി മജിസ്ട്രേറ്റ് കോടയിൽ ഹാജരായത്. റിമാൻഡ് കാലാവധി ഇന്നവസാനിക്കാനിരിക്കെയാണ് അല്ലു വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കവെ പ്രോസിക്യൂഷൻ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.അല്ലു അർജുന്റെ വാദങ്ങളെ എതിർക്കുന്നതിനായി കുറെയധികം തെളിവുകൾ കൂടി കോടതിയിൽ ഹാജരാക്കേണ്ടതുണ്ട് ഇതിന് തിങ്കളാഴ്ചവരെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. അല്ലുവിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി വരുന്ന തിങ്കളാഴ്ച എതിർക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം നടനെ രണ്ടര മണിക്കൂറിൽ അധികമാണ് ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തത്. പൊലീസ് ഉയർത്തിയ 7 പ്രധാനചോദ്യങ്ങളിൽ ചിലതിന് അല്ലു അർജുൻ മറുപടി നൽകിയിരുന്നില്ല. അതിനിടെ അല്ലു അർജുന്റെ ബൗൺസർ ടീമിലെ അംഗമായ ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. ഇയാൾ തീയേറ്ററിലുണ്ടായിരുന്നവരെ പിടിച്ചു തള്ളുന്നതിന്റെയും ചവിട്ടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Read Also: മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; പ്രതി കൊച്ചിയിൽ പിടിയിൽ
അതേസമയം, ആരാധകരുടെ പ്രവർത്തികളിൽ താരങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി വിമർശിച്ചു. തീയേറ്ററിൽ എത്തുന്ന താരങ്ങൾക്കാകും തിരക്ക് നിയന്ത്രക്കാനുള്ള ഉത്തരവാദിത്വം ഉണ്ടായിരിക്കുക.സിനിമ മേഖലക്ക് പ്രത്യേക പരിഗണന ഇല്ല, പ്രത്യേക പ്രദർശനങ്ങൾ അനുവദിക്കില്ല. സിനിമ സബ്‌സിഡി പിൻവലിച്ച തീരുമാനത്തിലും മാറ്റമില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. താരങ്ങളുടെ ബൗൺസർ സംഘങ്ങളുടെ വിവരം ഇനിമുതൽ സർക്കാരിന് കൈമാറണം. ബൗൺസർ സംഘങ്ങളിൽ ഇനി സർക്കാർ നിയന്ത്രണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബർ നാലിനായിരുന്നു ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിൽ സംഭവം നടക്കുന്നത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതി ആണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് തീയേറ്ററിൽ ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമാവുകയും തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരക്കിൽ ഗുരുതരമായി പരുക്ക് പറ്റിയ രേവതിയുടെ മകൻ ശ്രീതേജ് നിലവിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. തുടർന്ന് തെലങ്കാന ഹൈക്കോടതി 4 ആഴ്ചത്തേക്ക് അല്ലുവിന് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയയ്ക്കുകയായിരുന്നു.
Story Highlights : Hearing of Allu Arjun’s bail plea adjourned to Monday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here