Advertisement

പ്രധാനമന്ത്രി പദത്തിലേക്ക് അപ്രതീക്ഷിത വരവ്; സർവതല സ്പർശിയായ വികസന മാതൃകകളുടെ ഉടലെടുത്ത മൻമോഹൻ യു​ഗം

December 27, 2024
3 minutes Read

സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ രാജ്യത്തെ വളർച്ചയിലേക്ക് കൈപിടിച്ച് നടത്തിയ ദീർഘദർശിയാണ് വിടവാങ്ങിയ മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. 1990ൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം കുത്തനെ ഇടിഞ്ഞു. പാപ്പരത്വത്തിലേക്ക് വീഴുമെന്ന് ഭയന്ന കാലം. കൈപിടിച്ച് നടത്താൻ രാജ്യത്തിന് ഒരു രക്ഷകനെ ആവശ്യമായിരുന്നു. 91ലെ തിരഞ്ഞെടുപ്പ് വിജയിച്ച് പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കാൻ തുടങ്ങിയ നരസിംഹ റാവു ആ രക്ഷകനെ കണ്ടെത്തിയത് മുൻ ആർബിഐ ഗവർണറും സാമ്പത്തിക ഉപദേശകനുമായ ഡോ. മൻമോഹൻ സിങ്ങിലാണ്.(Manmohan era that saw the emergence of all-round development model)

പ്രായോഗികവാദിയായ സാമ്പത്തിക വിദഗ്ധനായിരുന്നു, അതുവരെ രാഷ്ട്രീയത്തിലില്ലാതിരുന്ന മൻ മോഹൻ സിങ്. ധനമന്ത്രിയായി ചുമതലയേറ്റ് മാസങ്ങൾക്കുള്ളിൽ മൻമോഹൻ സിങ് അവതരിപ്പിച്ച ബജറ്റ്, പുതു ഇന്ത്യയുടെ ജാതകമായിരുന്നു. ഉദാരീകരണത്തിലൂന്നിയ സാമ്പത്തിക നയത്തിലൂടെ മൻമോഹൻസിങ് ഇന്ത്യയുടെ സമ്പദ് രംഗത്ത് മാറ്റത്തിന്റെ നാന്ദി കുറിച്ചു. ആഗോളീകരണത്തിലൂടെ, വിശാലതയിലേക്ക് ഇന്ത്യൻ വിപണിയെ തുറന്നുകൊടുത്തു. രാജ്യത്തിന്റെ വ്യവസായ, വാണിജ്യ മേഖലകളെ ചുവപ്പു നാടകളിൽ നിന്ന് മോചിപ്പിച്ചു.

Read Also: ദുർബല സമ്പദ് വ്യവസ്ഥയെ കരുത്തുറ്റതാക്കിയ പ്രധാനി; ഉദാരവത്കരണ ഇന്ത്യയുടെ നായകൻ; ഡോ. മൻമോഹൻ സിങ് ഇനി ഓർമ

ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതും തികച്ചും അപ്രതീക്ഷിതമായാണ്. 2004-ൽ യുപിഎ സഖ്യം ഭൂരിപക്ഷം ഉറപ്പിച്ചപ്പോൾ ആരാകും പ്രധാനമന്ത്രി എന്നതായിരുന്നു ചോദ്യം. എല്ലാ കണ്ണുകളും സോണിയാ ഗാന്ധിയിലേക്ക്. പക്ഷേ സോണിയാ ഗാന്ധി നിർദേശിച്ചത് മൻ മോഹൻ സിങ്ങിനെ. 2009-ൽ യുപിഎ സർക്കാർ ഭരണം നിലനിർത്തിയപ്പോഴും മൻമോഹൻ സിങ് തന്നെയായിരുന്നു പ്രധാനമന്ത്രി. ഭക്ഷണവും വിദ്യാഭ്യാസവും തൊഴിലും ഭരണപരമായ വിവരങ്ങളും പൗരരർക്ക് നിയമപരമായ അവകാശമാക്കിയത് മൻമോഹൻ സിങ് സർക്കാരാണ്.

തൊഴിലുറപ്പ് പദ്ധതിയും ദേശീയ ആരോഗ്യ മിഷനുമെല്ലാം സർവതല സ്പർശിയായ വികസന മാതൃകകളായി. 2007-ൽ രാജ്യം 9ശതമാനം ജിഡിപി നേടിയതും സാമ്പത്തിക വളർച്ചാ തോതിൽ ലോകത്ത് രണ്ടാമത്തെത്തിയതും ഡോ. മൻമോഹൻ സിങ്ങിന്റെ മികവിന്റെ മുദ്രകളായി. കോൺഗ്രസിൽ പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കുംശേഷം പത്തുവർഷക്കാലം തുടർച്ചയായി ഭരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് മാത്രം. സിഖുകാരനായ ഒരേയൊരു പ്രധാനമന്ത്രിയും മൻമോഹൻ സിങ് തന്നെ.

Story Highlights : Manmohan era that saw the emergence of all-round development model

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top