റയല്‍ സ്‌റ്റേഡിയം നീളന്‍ പേര് ഒഴിവാക്കുന്നു; ഇനി അറിയപ്പെടുക ബെര്‍ണബ്യൂ എന്ന് മാത്രം

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ റയല്‍ മാഡ്രിഡ് അവരുടെ സ്റ്റേഡിയത്തിന്റെ പേരിനെ ചുരുക്കുന്നു. ക്ലബ്ബിനെ ആഗോളത്തലത്തില്‍ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച മുന്‍ കളിക്കാരനും പ്രസിഡന്റുമായിരുന്ന സാന്റിയാഗോ ബെര്‍ണബ്യൂവിന്റെ നീളന്‍ പേരിലായിരുന്നു ഏകദേശം ഏഴ് പതിറ്റാണ്ടുകളായി ക്ലബ്ബ് സ്റ്റേഡിയം അറിയപ്പെട്ടിരുന്നത്. ഇദ്ദേഹത്തിനോടുള്ള ആദരവ് പ്രകടമാക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയായിരുന്നു സ്റ്റേഡിയത്തിന് പേരിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഔദ്യോഗിക ആശയവിനിമയങ്ങളിലും വാണിജ്യ ഇടപാടുകളിലും ക്ലബ്ബിന്റെ വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ ചാനലുകളിലുമെല്ലാം ‘ബെര്‍ണബ്യൂ’ എന്ന് മാത്രമാണ് സ്‌റ്റേഡിയത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ മാറ്റം ഔപചാരികമായി അംഗീകരിച്ചിട്ടില്ലെങ്കിലും വരുംനാളുകളില്‍ പേര് മാറ്റുന്നതിലേക്കുള്ള ചുവടുവെയ്പ്പായാണ് സോക്കര്‍ ലോകം കണക്കാക്കുന്നത്. സ്റ്റേഡിയത്തിലേക്ക് ഫുട്‌ബോള്‍ ആരാധകര്‍ക്കും മറ്റും എത്തേണ്ടുന്ന മെട്രോ സ്റ്റേഷന്‍ ഇപ്പോഴും സാന്റിയാഗോ ബെര്‍ണബ്യൂവിന്റെ മുഴുവന്‍ പേരിലാണ് അറിയപ്പെടുന്നത്. എങ്കിലും റയല്‍ മാഡ്രിഡ് ക്ലബ്ബ് സ്റ്റേഡിയം ക്രമേണ അതിന്റെ പേരിനെ ചുരുക്കരൂപത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
അതേ സമയം ‘ബെര്‍ണബ്യൂ’ എന്ന പേര് ഇതിനകം തന്നെ വ്യാപകമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ലോകമെമ്പാടുമുള്ള ആരാധകരും മാധ്യമങ്ങളും ബെര്‍ണബ്യൂ എന്ന് തന്നെയാണ് ഉപയോഗിക്കുന്നത്. പേരിനെ ചെറുതാക്കുന്നതിലൂടെ കൂടുതല്‍ കാര്യക്ഷമമായ ബ്രാന്‍ഡിങിനാണ് ക്ലബിന്റെ നിലവിലെ പ്രസിഡന്റ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ് ലക്ഷ്യമിടുന്നത്. ക്ലബ്ബിന് മുന്നോട്ടുപോകാനുള്ള പണം കണ്ടെത്താന്‍ കാലത്തിനൊത്ത് സ്റ്റേഡിയത്തെ നവീകരിക്കാന്‍ റയല്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഭൂഗര്‍ഭ കാര്‍പാര്‍ക്കിങ് അടക്കമുള്ള വികസനങ്ങള്‍ ബെര്‍ണാബ്യൂവില്‍ കൊണ്ടുവരാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
Story Highlights : Real Madrid stadium name changed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here