ഗുകേഷിന് പിന്നാലെ മറ്റൊരു ലോക ചെസ് കിരീടം ചൂടി കൊനേരു ഹംപിയും; സ്വന്തമാക്കുന്നത് രണ്ടാം ലോക കീരീടം

2024-ല്‍ മറ്റൊരു ചെസ്‌കിരീടം കൂടി ഇന്ത്യയിലേക്ക് എത്തുകയാണ്. ദൊമ്മരാജു ഗുകേഷിന് പിന്നാലെ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ നടന്ന ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപിയും കിരീടം ചൂടി. പതിനൊന്നാം റൗണ്ടില്‍ ഇന്തോനേഷ്യയുടെ ഐറിന്‍ ഖരിഷ്മ സുകന്ദറിനെയാണ് 8.5 പോയിന്റ് നേടി കൊനേരു ഹംപി പരാജയപ്പെടുത്തിയത്. 2019-ല്‍ മോസ്‌കോയിലും കൊനേരു ഹംപി കിരീടം നേടിയിരുന്നു. ഇതോടെ ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടം കൂടിയായി വാള്‍സ്ട്രീറ്റിലേത്. ചൈനയുടെ യു വെന്‍യുന് ശേഷം രണ്ട് തവണ ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ താരമെന്ന നേട്ടവും ഹംപിക്ക് ഇതോടെ സ്വന്തമായി. 2012-ല്‍ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടന്ന റാപ്പിഡ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും കഴിഞ്ഞ വര്‍ഷം ഉസ്ബെക്കിസ്താനിലെ സമര്‍കണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ വെള്ളിയും താരം നേടിയിട്ടുണ്ട്. സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ കരിയറില്‍ ഉടനീളം റാപ്പിഡ് ചാമ്പ്യന്‍ഷിപ്പുകളില്‍ മികവ് കാഴ്ച്ച വെച്ച താരം കൂടിയാണ് ആന്ധ്രപ്രദേശിലെ ഗൂഡിവാഡ സ്വദേശിനിയായ ഈ മുപ്പത്തിയേഴുകാരി.
Story Highlights: Koneru Hampi won the World Rapid Chess Championship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here