‘സർക്കാർ പരിപാടി ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു’; രജിസ്ട്രേഷൻ ഫീസായി 3500 രൂപ വാങ്ങി, മൃദംഗനാദം സംഘാടകർക്ക് എതിരെ ഗുരുതര ആരോപണം

കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടന്ന ‘മൃദംഗനാദം’ പരിപാടിയിൽ വൻ രജിസ്ട്രേഷൻ കൊള്ള. നൃത്തം അവതരിപ്പിച്ച കുട്ടികളിൽ നിന്ന് വാങ്ങിയത് 1400 മുതൽ 5000 രൂപ വരെ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ഗുരുതര ആരോപണം. രജിസ്ട്രേഷൻ ഇനത്തിൽ മാത്രം പിരിച്ചത് കോടികൾ ഇതിന് പുറമെ ദിവ്യാ ഉണ്ണിയുടെ പേരിലും പണ പിരിവ് നടത്തുകയുണ്ടായി. പരസ്യത്തിനായും വൻ തുക പിരിച്ചു. കുട്ടികളുടെ കൂടെ വന്ന രക്ഷിതാക്കൾക്ക് ഗാലറിയിൽ ഇരിക്കുന്നതിനായി 299 രൂപയും താഴെ ഇരിക്കുന്നതിനായി 149 രൂപയുമാണ് സംഘാടകർ ഈടാക്കിയിരുന്നത്. രജിസ്‌ട്രേഷൻ ഫീസിന് പുറമെ യാത്ര ചിലവും സ്വയം വഹിക്കേണ്ടി വന്നിരുന്നുവെന്ന് പരിപാടിയിൽ പങ്കെടുക്കാനെത്തിയ നൃത്ത അധ്യാപിക പറയുന്നു.
പന്ത്രണ്ടായിരത്തോളം കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ കൃത്യമായ ഒരു സുരക്ഷാ സംവിധാനവും ഉണ്ടായിരുന്നില്ല, കുടിക്കാൻ ആവശ്യമായ വെള്ളം പോലും സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നില്ല. അടിയന്തിരമായി ഒരാവശ്യം വന്നു കഴിഞ്ഞാൽ ആകെ ഉണ്ടായിരുന്നത് 2 ആംബുലൻസ് മാത്രമായിരുന്നു.
കുട്ടികളിൽ പലരും തളർന്നിരുന്നാണ് പരിപാടിയിൽ പങ്കെടുത്തതെന്നും അധ്യാപിക പറയുന്നു.
അതേസമയം, പരിപാടിയുടെ രജിസ്ട്രേഷൻ ഫീസ് എന്ന് പറഞ്ഞ് 3500 രൂപയാണ് സംഘാടകർ വാങ്ങിയിരുന്നതെന്ന് നൃത്തം അവതരിപ്പിക്കാൻ എത്തിയ കുട്ടിയുടെ രക്ഷിതാവ് ബിജി പറഞ്ഞു. സർക്കാർ പരിപാടി ആണെന്ന് കരുതിയാണ് ഇവിടെ എത്തിയിരുന്നത്. തമിഴ്നാടിന്റെ റെക്കോർഡ് ഭേദിക്കുന്നതിനായി കേരളം പന്ത്രണ്ടായിരം നർത്തകരെ അണിനിരത്തി ഒരു പരിപാടി സംഘടിപ്പിക്കുന്നു എന്നാണ് സംഘാടകർ പറഞ്ഞിരുന്നത്. ബുക്ക് മൈ ഷോ വഴിയും ടിക്കറ്റുകൾ ഉണ്ടായിരുന്നു. ദിവ്യ ഉണ്ണിയാണ് നൃത്തം ചിട്ടപ്പെടുത്തിയിരുന്നത്. നേരത്തെ വേറൊരു ആളായിരുന്നു ഇത് ഏറ്റെടുത്തിരുന്നത് എന്നാൽ പിന്നീട് ദിവ്യ ഉണ്ണി അത് ഏറ്റെടുക്കുകയായിരുന്നു. കുട്ടികളുടെ രക്ഷിതാക്കൾക്കും സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാൻ പണം ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ഒരു പൊതുപരിപാടി നടത്തുമ്പോൾ കുട്ടികളെ എന്ത് വിശ്വസിച്ചാണ് വിടേണ്ടത്? പ്രശ്നങ്ങൾക്ക് ശേഷം യാതൊരുവിധത്തിലുള്ള വിവരങ്ങളും അധികൃതർ നൽകിയില്ലെന്നും കബളിപ്പിച്ചുവെന്നും രക്ഷിതാവ് ബിജി കൂട്ടിച്ചേർത്തു.
Story Highlights : 3500 rupees as registration fee, serious allegation against Mridanganadam organizers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here