അതിതീവ്ര ദുരന്ത പ്രഖ്യാപനം കൊണ്ട് മാത്രം കാര്യമില്ല; ആവശ്യങ്ങള്‍ എണ്ണിപ്പറഞ്ഞ് ടി സിദ്ദിഖ്

വയനാടിനായി അതിതീവ്ര ദുരന്ത പ്രഖ്യാപനം കൊണ്ട് മാത്രം കാര്യമില്ലെന്ന് ടി സിദ്ദിഖ് എംഎല്‍എ. അടിയന്തര ധനസഹായം അടക്കമുള്ള കാര്യങ്ങളില്‍ പ്രഖ്യാപനം വേണമെന്ന് ടി സിദ്ദിഖ് പറഞ്ഞു. പുനരധിവാസവും പൂര്‍ണമാക്കാനുള്ള സഹായം വേണം. ദുരന്തബാധിതരുടെ ലോണുകള്‍ എഴുതിത്തള്ളണം. അഞ്ചുമാസം എടുത്തു ഈ പ്രഖ്യാപനത്തിന്. നീതീകരിക്കാന്‍ കഴിയാത്ത വിധത്തിലുള്ള വൈകിക്കലാണ് നടന്നത്. തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങളെങ്കിലും വേഗത്തിലാക്കണമെന്നും എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു. ( t siddique after centre declared wayanad as extreme disaster)
കേരളം മുന്നോട്ടുവച്ച പല ആവശ്യങ്ങളില്‍ ആദ്യത്തേത് അംഗീകരിക്കാന്‍ തന്നെ അഞ്ച് മാസത്തെ കാലതാമസമുണ്ടായെന്ന് ടി സിദ്ദിഖ് കുറ്റപ്പെടുത്തി. മറ്റ് കാര്യങ്ങളും കൂടി ദ്രുതഗതിയില്‍ കേന്ദ്രം ചെയ്ത് തീര്‍ത്താല്‍ മാത്രമേ കേരളത്തിന് ആശ്വാസമാകൂ. അടിയന്തര നടപടിയെന്ന നിലയ്ക്ക് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തെ ലെവല്‍ മൂന്ന് കാറ്റഗറിയില്‍ വരുന്ന അതിതീവ്ര ദുരന്തമായാണ് പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിനുതന്നെ പുനരുദ്ധാരണം സാധ്യമല്ലാത്ത ദുരന്തത്തെയാണ് ലെവല്‍ മൂന്ന് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. ജൂലൈ 30നായിരുന്നു മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു കേരളം ആദ്യംമുതലേ ആവശ്യപ്പെടുന്നത്. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന രീതി ഇപ്പോള്‍ ഇല്ല എന്ന് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്നായി കേരളത്തിന്റെ ആവശ്യം. ഇതാണ് ഇപ്പോള്‍ കേന്ദ്രം അംഗീകരിച്ചത്.
ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഡോ. രാജേഷ് ഗുപ്ത റവന്യൂ സെക്രട്ടറി ടിങ്കു ബിസ്വാളിന് കത്ത് നല്‍കി. അതേസമയം പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതു സംബന്ധിച്ചു കത്തില്‍ പരാമര്‍ശമില്ല. നാടിനെ നടുക്കിയ ചൂരല്‍മല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദേശീയ ദുരന്ത നിവാരണ ഫണ്ടിന് പുറമേ കൂടുതല്‍ ഫണ്ട് ലഭിക്കണമെങ്കില്‍ തീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ടതുണ്ട്. ഇക്കാര്യം സംസ്ഥാന നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
Story Highlights : t siddique after centre declared wayanad as extreme disaster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here