ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി; കൈ കാലുകള്‍ ചലിപ്പിച്ചതായി ബന്ധുക്കള്‍

കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമാ തോമസ് കൈകാലുകള്‍ ചലിപ്പിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. അബോധാവസ്ഥയില്‍ നിന്ന് കണ്ണുതുറക്കാന്‍ ശ്രമം ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. ചികിത്സയില്‍ ആശാവഹമായ പുരോഗതിയെന്നാണ് വിലയിരുത്തല്‍.
അതേസമയം, പരിപാടിക്കായി വേദിയും പന്തലും ഒരുക്കിയ ഓസ്‌കാര്‍ ഇവന്റെ മാനേജ്മെന്റ് കമ്പനിയുടെ മാനേജര്‍ കൃഷ്ണകുമാര്‍, സ്റ്റേജ് നിര്‍മ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷന്‍ സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം എന്നിവരെ ഇന്നലെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എംഡി, നിഘോഷ് കുമാര്‍, ഇവന്റ് മാനേജ്മെന്റ് ഉടമ പി എസ് ജനീഷ് എന്നിവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.
എംഎല്‍എ അപകടത്തില്‍പ്പെട്ട, പന്ത്രണ്ടായിരത്തിലികം പേര്‍ പങ്കെടുത്ത കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടനത്തില്‍ ഗുരുതര വീഴ്ചയും ക്രമക്കേടുമാണ് ഉണ്ടായത്. മന്ത്രിമാരടക്കം പങ്കെടുത്ത പരിപാടിയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളോ പ്രോട്ടോകോളോ പാലിച്ചില്ലായിരുന്നു. സംഘാടകര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഫയര്‍ഫോഴ്സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. സംഘാടകരായ മൃദംഗവിഷനെതിരെ ഗുരുതര ആക്ഷേപം ഉയര്‍ന്നിരുന്നു. നൃത്തപരിപാടിക്ക് എത്തിയവരില്‍ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്തെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ലെന്നാണ് പരാതി.
Story Highlights : Improvement in the health condition of Uma Thomas MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here