നിമിഷ പ്രിയയുടെ വധശിക്ഷ; സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ട്, വിദേശകാര്യ മന്ത്രാലയം

യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജസ്‌വാൾ. നിമിഷ പ്രിയയുടെ കുടുംബം എല്ലാ വഴിയും ഇതിനായി തേടുന്നുണ്ടെന്നത് തങ്ങൾ മനസ്സിലാക്കുന്നു. യമനിൽ ശിക്ഷ വിധിച്ചതിനെ കുറിച്ച് അറിയാമെന്നും വധശിക്ഷയിലെ കേന്ദ്രസർക്കാറിന്റെ ഇടപെടൽ നിർണായകമായിരിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചുവെന്നും ദയാഹർജി തള്ളിക്കളഞ്ഞു എന്നുമുള്ള വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ഒരു മാസത്തിനുള്ളിൽ നടപ്പാക്കും എന്ന സൂചനയും പുറത്തുവന്നിരുന്നു. യമൻ പ്രസിഡന്റാണ് വധശിക്ഷയ്ക്ക് അനുമതി നൽകിയത്. എന്നാൽ ഇന്നലെ ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്നാണ് വിവരം.
Read Also: കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിന്റെ നിക്ഷേപം തിരികെ നൽകി സൊസൈറ്റി
2017ലാണ് യമൻ പൗരൻ കൊല്ലപ്പെട്ടത്. 2018 ല്‍ നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷപ്രിയയുടെ മോചനത്തിനായി ഇനി മുന്നിലുള്ള ഏക വഴി. എന്നാൽ കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയുടെ കുടുംബവുമായി നടത്തിയ മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ ഇതുവരെ ഫലം കണ്ടിട്ടില്ല. നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ കഴിഞ്ഞ എട്ടുമാസമായി ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ണായക തീരുമാനം പുറത്ത് വന്നിരിക്കുന്നത്. വധശിക്ഷയ്ക്കെതിരായ അപ്പീൽ 2022ൽ തള്ളിയിരുന്നു. വധശിക്ഷ പരമോന്നത കോടതി കഴിഞ്ഞ വർഷം ശരിവെയ്ക്കുകയും ചെയ്തിരുന്നു.
Story Highlights : Nimisha Priya’s execution; All possible assistance is provided by the Central Government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here