Advertisement

മുതിർന്ന മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

January 2, 2025
2 minutes Read
s jayachandran

പത്രാധിപരും എഴുത്തുകാരനുമായ എസ്.ജയചന്ദ്രൻ നായർ അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.85 വയസായിരുന്നു. സംസ്കാരം ഇന്ന് ബംഗളൂരുവിൽ നടക്കും . മലയാളത്തിലെ മാഗസിൻ ജേർണലിസത്തിൻെറ ഭാവുകത്വം മാറ്റിയെഴുതിയ പത്രാധിപരായിരുന്നു എസ്.ജയചന്ദ്രൻ നായർ.

തിരുവനന്തപുരത്തെ ശ്രീവരാഹത്ത് നിന്ന് ഒഴുകി തുടങ്ങി, മലയാളി ഉളളിടത്തെല്ലാം ആസ്വാദകരെ സൃഷ്ടിച്ച സൌമ്യപ്രവാഹം അതായിരുന്നു എസ്.ജയചന്ദ്രൻനായർ എന്ന വ്യക്തിയും പത്രാധിപരും. കൗമുദി വാരിക പത്രാധിപരായിരുന്ന കെ.ബാലകൃഷ്ണൻെറ ശിഷ്യനായി പത്രപ്രവർത്തനത്തിലേക്ക് വന്ന ജയചന്ദ്രൻ നായർ , പിന്നീട് കലാകൗമുദി വാരികയുടെ പത്രാധിപരായി. മലയാള മാഗസിൻ ജേർണലിസത്തിൻെറ സുവർണകാലമായിരുന്നു അത്. വാരികകളുടെ ഉളളടക്കത്തിൽ പല പരീക്ഷണങ്ങൾക്കും തയ്യാറായ ജയചന്ദ്രൻ മൂല്യങ്ങളെ ബലികഴിച്ചതുമില്ല.

Read Also: മുണ്ടക്കൈ ദുരന്തം: പുനരധിവാസത്തിനുള്ള ആദ്യഘട്ട പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി കെ രാജന്‍

ഇന്ന് മലയാളം കൊണ്ടാടുന്ന പല സാഹിത്യ സൃഷ്ടികളും വെളിച്ചം കണ്ടത് ജയചന്ദ്രൻ നായർ പത്രാധിപരായിരുന്ന കലാകൗമുദിയിലൂടെയാണ്.വലിയ എഴുത്തുകാരുടെ ശ്രദ്ധേയമായ പല രചനകളും ഇക്കൂട്ടത്തിലുണ്ട്. ലോകസാഹിത്യത്തിലെ സ്പന്ദനങ്ങൾ അറിയിച്ച എം.കൃഷ്ണൻനായരുടെ സാഹിത്യ വാരഫലവും ജയചന്ദ്രൻ നായരുടെ ആശയസാക്ഷാത്കാരം ആയിരുന്നു. പുതിയ എഴുത്തുകാരെയും പത്ര
പ്രവർത്തകരെയും പരിചയപ്പെടുത്തുന്നതിലും ജയചന്ദ്രൻ നായർ പ്രത്യേക താൽപര്യം കാട്ടി. സാഹിത്യ-സാംസ്കാരിക രംഗത്തോട് മാത്രം ആയിരുന്നില്ല ജയചന്ദ്രൻ നായർക്ക് മമത.എണ്ണം പറഞ്ഞ അന്വേഷണാത്മക റിപ്പോർട്ടുകളും അക്കാലത്ത് കലാകൗമുദി പ്രസിദ്ധീകരിച്ചു.1997ൽ കലാകൗമുദി വിട്ട് സമകാലിക മലയാളം
വാരിക തുടങ്ങിയ ജയചന്ദ്രൻ നായർ 2013വരെ അവിടെ പ്രവർത്തിച്ചു. നല്ലൊരു സിനിമ ആസ്വാദകനും നിരൂപകനുമായിരുന്ന ജയചന്ദ്രൻ നായർ ശ്രദ്ധേയമായ പലചിത്രങ്ങളുടെയും പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ നേടിയ ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ചിത്രങ്ങളായ പിറവിയുടെയും സ്വം ൻെറയും കഥാകൃത്തും നിർമ്മാതാവും ജയചന്ദ്രൻ നായരാണ്. ലോകസാഹിത്യത്തിലെ
ശ്രദ്ധേയമായ പുസ്തകങ്ങളെ അവലോകനം ചെയ്ത് കൊണ്ടുളള രചനകളും ജയചന്ദ്രൻ നായരുടെ പ്രതിഭയെ അടയാളപ്പെടുത്തുന്നതാണ്. റോസാദലങ്ങൾ വെയിൽത്തുണ്ടുകൾ, ഉന്മാദത്തിൻെറ സൂര്യകാന്തികൾ
എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്. എൻെറ പ്രദക്ഷിണ വഴികൾ എന്ന ആത്മകഥക്ക് 2012ൽ സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

കെ ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, കെസി സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ വിജയാഘവന്‍ അവാര്‍ഡ്, എം വി പൈലി ജേണലിസം അവാര്‍ഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കാഴ്ചയുടെ സത്യം എന്ന കൃതിക്ക് 2012ല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.

Story Highlights : Veteran journalist S Jayachandran Nair passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top