തമിഴർ കലാകാരന്മാരെ ബഹുമാനിക്കുന്നവർ, ഷെയ്ൻ നിഗം; മദ്രാസ്‌കാരൻ ട്രെയ്‌ലർ പുറത്ത്

മലയാളം സിനിമയേക്കാൾ വളരെ വ്യത്യാസമുള്ളൊരു അനുഭവം ആണ് തമിഴിൽ നിന്ന് ഉണ്ടായത് എന്ന് ഷെയ്ൻ നിഗം. തമിഴ്‌നാട്ടിൽ നടുറോഡിൽ വെച്ച് ഒരു തമിഴനോട് ഒന്ന് വഴി ചോദിക്കുമ്പോൾ പോലും അവർ വളരെ മര്യാദ പൂർവമേ പെരുമാറാറുള്ളൂ, കലാകാരന്മാരെ അവർ ബഹുമാനിക്കുന്നു. എല്ലാവരും സ്നേഹപൂർവമേ സംസാരിക്കുകയുള്ളു. ഷെയ്ൻ നിഗം തമിഴ് സിനിമയിൽ അരങ്ങേറുന്ന മദ്രാസ്കാരൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തമിഴ് യൂട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂവിൽ ആണ് നടന്റെ പ്രസ്താവന. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വാലി മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലർ സ്വഭാവത്തിലായിരിക്കുമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. SR പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി ജഗദിഷ് നിർമ്മിക്കുന്ന ചിത്രത്തിൽ ഷെയ്ൻ നിഗത്തെ കൂടാതെ നിഹാരിക കൊനിദേല,കലൈയരസൻ,ഐശ്വര്യ ദത്ത,കരുണാസ്,പാണ്ട്യരാജൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കും.
പുതുക്കോട്ടൈ കഥാപശ്ചാത്തലമാകുന്ന മദ്രാസ്‌കാരൻ, വിവാഹത്തിനൊരുങ്ങുന്ന ഒരു യുവാവിന് അവിചാരിതമായി ഒരു സംഘം ഗുണ്ടാ സംഘങ്ങളുമായി കൊമ്പു കോർക്കേണ്ടി വരുമ്പോൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് പ്രമേയമാക്കുന്നത്. മണിരത്നം സിതാറാം അലൈപായുതേ എന്ന ചിത്രത്തിലെ എ ആർ റഹ്മാന്റെ സംഗീതം ചെയ്ത കാതൽ സഡുഗുഡു എന്ന ഗാനത്തിന്റെ റീമിക്സ് വേർഷൻ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രം പൊങ്കലിന് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. പ്രസന്ന എസ് കുമാർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സാം സി എസ് ആണ്.
Story Highlights :തമിഴർ കലാകാരന്മാരെ ബഹുമാനിക്കുന്നവർ ; ഷെയ്ൻ നിഗം, മദ്രാസ്‌കാരൻ ട്രെയ്‌ലർ പുറത്ത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here