‘നഖക്ഷതങ്ങളിലെ തിരുമേനി, ട്രിവാൻഡ്രം ലോഡ്ജിലെ അച്ഛൻ’; അഭിനയവും വശമായിരുന്നു പി. ജയചന്ദ്രന്

വൈകാരികാനുഭൂതി പകരുന്ന സുന്ദരമായ ഗാനാലാപനം മാത്രമല്ല അഭിനയവും വശമായിരുന്നു പി ജയചന്ദ്രന്. നഖക്ഷതങ്ങളിലെ അലസനായ തിരുമേനിയും ട്രിവാൻഡ്രം ലോഡ്ജിൽ ലോഡ്ജുടമയുടെ അച്ഛനും തുടങ്ങി പല സിനിമകളിലേയും വേറിട്ട കഥാപാത്രങ്ങൾ ജയചന്ദ്രനിലെ അഭിനയപ്രതിഭയെ പുറത്തെടുത്തു.
ആർക്കും മറക്കാനാകാത്ത ഒരു കഥാപാത്രമാണ് ഹരിഹരന്റെ നഖക്ഷതങ്ങളിൽ ജയചന്ദ്രൻ അവതരിപ്പിച്ച തിരുമേനി. അലസനും സഹൃദയനുമായ നമ്പൂതിരി നഖക്ഷതങ്ങളിൽ കഥയെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിർണായക കഥാപാത്രമായാണ് വർത്തിക്കുന്നത്. നർമ്മം നിറഞ്ഞ സംഭാഷണങ്ങളും കുസൃതി ഭാവങ്ങളുമൊക്കെയായി തിരുമേനി നിറഞ്ഞാടി
ചിത്രത്തിൽ കേവലമർത്യഭാഷ കേൾക്കാത്ത ദേവദൂതികയാണു നീ, വ്രീളാഭരിതയായ് എന്നീ ഗാനങ്ങളും ജയചന്ദ്രൻ ആലപിച്ചിട്ടുണ്ട്.
കെ ജി ജോർജിന്റെ ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്കിൽ ഗായകൻ പി ജയചന്ദ്രനായി തന്നെയാണ് പ്രത്യക്ഷപ്പെടുന്നതെങ്കിൽ വി കെ പ്രകാശിന്റെ ട്രിവാൻഡ്രം ലോഡ്ജിൽ ലോഡ്ജുടമയുടെ അച്ഛനായ നാരായണൻ നായരായാണ് ഭാവഗായകനെത്തുന്നത്. 1979ൽ റിലീസ് ചെയ്ത് ഒ രാംദാസ് സംവിധാനം ചെയ്ത കൃഷ്ണപ്പരുന്തിൽ പി ജയചന്ദ്രനൊപ്പം വേഷമിട്ടത് ശ്രീവിദ്യയും അംബികയും കെ പി ഉമ്മറും മധുവുമൊക്കെയാണ്. ഈ സിനിമയിൽ ശ്യാം സംഗീതസംവിധാനം നിർവഹിച്ച അഞ്ജനശിലയിലെ, തൃശ്ശിവപേരൂരെ എന്നീ ഗാനങ്ങൾ ആലപിച്ചതും ജയചന്ദ്രനായിരുന്നു. യേശുദാസിനൊപ്പം ജന്മനന്മയ്ക്കായി എന്ന ഗാനവും ഈ ചിത്രത്തിൽ ജയചന്ദ്രൻ ആലപിക്കുന്നുണ്ട്.
Story Highlights : P Jayachandran acting movies Malayalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here