തലയോട്ടി തുറക്കാതെ ബ്രെയിന്‍ രോഗത്തിന് നൂതന ചികിത്സ, സംസാരശേഷി നഷ്ടപ്പെട്ട രോഗിക്ക് പുതുജീവൻ നൽകി കോഴിക്കോട് മെഡിക്കൽ കോളജ്

യുവാക്കളില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായ ബ്രെയിന്‍ എവിഎം (ആര്‍ട്ടീരിയോ വീനസ് മാല്‍ഫോര്‍മേഷന്‍) രോഗത്തിനുള്ള പുതിയ ചികിത്സാ രീതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം. മലപ്പുറം സ്വദേശിയായ 25 വയസുകാരനാണ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിന് കീഴില്‍ ട്രാന്‍സ് വീനസ് റൂട്ട് എമ്പോളൈസേഷന്‍ എന്ന ചികിത്സ നടത്തിയത്.
സംസാരശേഷി നഷ്ടപ്പെട്ട് ഒരു വശം തളര്‍ന്നാണ് രോഗിയെ എത്തിച്ചത്. ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ട രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. രാജ്യത്ത് വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമേ ഈ രീതിയില്‍ ചികിത്സ വിജയകരമായി നടത്തിയിട്ടുള്ളൂ. വിജയകരമായി നൂതന ചികിത്സ നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
രക്താതിമര്‍ദം മൂലമോ പരുക്ക് മൂലമോ കാരണമല്ലാതെ തലച്ചോറില്‍ രക്തസ്രാവമുണ്ടാക്കുന്ന ഒരു അസുഖമാണ് ബ്രെയിന്‍ എവിഎം. രക്തക്കുഴലുകള്‍ ജന്മനാ കെട്ടുപിണഞ്ഞു കിടക്കുന്ന ഈ അവസ്ഥയ്ക്ക് തലയോട്ടി തുറന്നുള്ള സങ്കീര്‍ണ ശസ്ത്രക്രിയയാണ് ചികിത്സ.
തലയൊട്ടി തുറക്കാതെ കാലിലെ രക്തക്കുഴല്‍ വഴി നടത്തുന്ന പിന്‍ ഹോള്‍ ചികിത്സയായ എമ്പോളൈസേഷന്‍ സാധാരണ രീതിയില്‍ ട്രാന്‍സ് ആര്‍ടീരിയല്‍ റൂട്ട് വഴിയാണ് നടത്തുന്നത്. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളിലൂടെ കത്തീറ്റര്‍ കടത്തി വിട്ടതിന് ശേഷം അമിത രക്തസ്രാവം തടയുന്നു.
എന്നാല്‍ ട്രാന്‍സ് വീനസ് റൂട്ട് വഴി ചികിത്സിക്കുമ്പോള്‍ തലച്ചോറില്‍ നിന്ന് തിരികെ രക്തം ഒഴുകി വരുന്ന സിരകളിലൂടെ (വെയിന്‍) കത്തീറ്റര്‍ കടത്തി വിട്ടാണ് ചികിത്സിക്കുന്നത്. ധമനികളിലൂടെ നടത്തുന്ന ചികിത്സയുടെ കൂടെ ട്രാന്‍സ് വീനസ് റൂട്ട് ചികിത്സ കൂടി കടന്നു വന്നതോടെ 95 ശതമാനം എവിഎം കേസുകളിലും തലയോട്ടി തുറക്കാതെയുള്ള എമ്പോളൈസേഷന്‍ ചികിത്സയിലൂടെ സുഖപ്പെടുത്താനാകും.
Story Highlights : Brain AVM Treatment Sucess in Calicut Medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here