Advertisement

പുത്തൻ പ്രതീക്ഷയുടെയും വിളവെടുപ്പിന്റെയും പൊങ്കൽ

January 14, 2025
Google News 3 minutes Read

ദ്രാവിഡ ജനതയുടെ വിളവെടുപ്പുത്സവമായ പൊങ്കൽ സമൃദ്ധിയുടെയും നൻമയുടേയും ആഘോഷം കൂടിയാണ്. “പൊങ്കൽ” എന്ന പേര് തമിഴ് പദമായ പോങ്ങിൽ നിന്നാണ് വന്നത്, “തിളയ്ക്കുക” എന്നാണ് ഇതിനർത്ഥം. ജനുവരി 13 ന് ആരംഭിച്ച് നാലു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ജനുവരി 16 ന് സമാപിക്കുന്നു. തമിഴ് കലണ്ടർ പ്രകാരം തൈമാസത്തിന്റെ തുടക്കത്തിലാണ് തമിഴ് ജനത പൊങ്കൽ ആഘോഷിക്കുന്നത്.
ബോഗി പൊങ്കൽ, തൈപ്പോങ്കൽ, മാട്ടുപ്പൊങ്കൽ, കാണും പൊങ്കൽ എന്നിങ്ങനെയാണ് ഓരോ ദിവസത്തെയും ആഘോഷങ്ങൾ.

വിളവെടുപ്പിന് ആരംഭം കുറിക്കുന്ന ഈ ഉത്സവം തമിഴ് മാസമായ മാർഗഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തീയതി അവസാനിക്കുന്നു . മകരസംക്രാന്തി എന്നും ഇതിനെ അറിയപ്പെടുന്നു . മലയാളികളുടെ ഓണം പോലെയാണ് തമിഴകത്തിന് പൊങ്കൽ. തമിഴ്‌നാടിന് പുറമേ തെലങ്കാനയിലും, കർണാടകയിലും പൊങ്കൽ ആഘോഷിക്കാറുണ്ട്.

മാർഗഴിയുടെ അവസാന ദിവസമായ ഇന്നലെയായിരുന്നു ‘ബോഗിപ്പൊങ്കൽ’. ബോഗിപൊങ്കലോടുകൂടിയാണ് പൊങ്കൽ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പഴയ സാധനങ്ങളെല്ലാം അഗ്നിക്കിരയാക്കി പുതിയ കാലത്തെ വരവേൽക്കാനായൊരുങ്ങുന്ന ജനത കഴിഞ്ഞവർഷം ലഭിച്ച നല്ല കാലാവസ്ഥയ്ക്ക് നന്ദി പറയുകയും, അടുത്ത വർഷത്തെ വിളവെടുപ്പ് നന്നാകാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Read Also:തീര്‍ത്ഥാടക ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനം ഇന്ന്; ദര്‍ശനം സാധ്യമാകുന്ന സ്ഥലങ്ങളും ഇന്നത്തെ ചടങ്ങുകളും അറിയാം

‘തൈപ്പൊങ്കൽ’ ദിവസമായ ഇന്ന്, വീടിന് മുന്നിൽ അരിപ്പൊടി കൊണ്ടുള്ള കോലം വരക്കുകയും, പുറത്ത് അടുപ്പ് കൂട്ടി പുതുതായി വിളവെടുത്ത അരി, പാൽ, ശർക്കര എന്നിവ ഉപയോഗിച്ച് അരി വിഭവമായ പൊങ്കൽ തയ്യാറാക്കുകയും ചെയ്യുന്നു. വിളവെടുപ്പിന്റെ നന്ദി സൂചകമായി പൊങ്കലിന് പുറമേ അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യദേവൻ സമർപ്പിക്കുന്നു.

മൂന്നാം ദിവസമായ ‘മാട്ടുപൊങ്കലിന്റെ’ അന്ന് കൃഷിക്കായി ഉപയോഗിക്കുന്ന കന്നുകാലികളെ കർഷകർ കുളിപ്പിക്കുകയും, അവയെ അലങ്കരിച്ച് പൂജകൾ നടത്തുകയും ചെയ്യും.ഇതേ ദിവസം തന്നെയാണ് തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിനും തുടക്കം കുറിക്കുന്നത്.

ആഘോഷങ്ങളുടെ അവസാന ദിവസമാണ് ‘കാണും പൊങ്കൽ’. ഈ ദിവസം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ച് പരസ്പരം സമ്മാനങ്ങൾ കൈമാറുന്നു. സൂര്യദേവനോടുള്ള ആദരസൂചകമായി ശർക്കര പൊങ്കലും , ഭക്ഷണവും സമർപ്പിക്കുന്നു. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ ഈ ദിവസം പാട്ട്, നൃത്തം തുടങ്ങി വിവിധ കലാപരിപാടികളും നടക്കാറുണ്ട്.

പാലക്കാട്ടെ അതിർത്തി ഗ്രാമങ്ങളിലും ഇന്ന് വിപുലമായ ആഘോഷങ്ങൾ നടക്കുന്നുണ്ട്. വിളവെടുപ്പിന്റെ ഉത്സവം എന്നതിനപ്പുറം പ്രതീക്ഷയുടെയും, പ്രത്യാശയുടെയും തുടക്കം കൂടിയാണ് പൊങ്കൽ. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇടപെടലിന്റെ മനോഹര കാഴ്ചയായ പൊങ്കൽ കാർഷികോത്സവത്തിന്റെ അപാര സൗന്ദര്യം കൂടിയാണ്.

Story Highlights :Pongal is one of Southern India’s harvest festival celebrated in Tamil Nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here