IIT ബാബ മുതൽ രുദ്രാക്ഷ ബാബ വരെ, കുംഭമേളയ്‌ക്കെത്തിയ സോഷ്യൽ മീഡിയയിലെ വൈറൽ സന്യാസിമാർ

12 വർഷത്തിലൊരിക്കൽ നടക്കുന്ന സാംസ്കാരിക ആത്മീയ സംഗമത്തിന് സാക്ഷിയാകാൻ ലോകാത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സന്യാസിമാരടക്കം നിരവധിയാളുകളാണ് എത്തുന്നത്. അവരിൽ തന്നെ വൈവിധ്യമാർന്ന വ്യക്തിത്വം കൊണ്ടും മറ്റും കുംഭമേളയിൽ പങ്കെടുക്കാനെത്തിയ സന്യാസിമാരിൽ പലരും പ്രത്യേകതകൾ കൊണ്ട് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിൽ എത്തിയ IIT ബാബ തന്നെയാണ് ഇക്കൂട്ടത്തില് ആദ്യ താരം. അദ്ദേഹത്തിന്റെ പേരിലെ കൗതുകം തിരക്കി വരുന്ന ആളുകൾ തന്നെ നിരവധിയാണ്. ഹരിയാനയിലെ ജജ്ജറിൽ ജനിച്ച അഭയ് സിംഗ് എന്ന IIT ബാബ ഐഐടി മുംബൈയിൽ നിന്ന് എൻജിനീയറിങ്ങിൽ ബിരുദം കരസ്ഥമാക്കിയ വ്യക്തിയാണ്. എയ്റോസ്പേസ് എൻജിനീയറായി ജോലി ചെയ്തിരുന്ന കാലത്ത് തന്റെ ജീവിതത്തിലുണ്ടായിട്ടുള്ള വഴിത്തിരിവുകൾ മനസിലാക്കുകയും
അറിവും സത്യവും തിരിച്ചറിയാനുള്ള യാത്രയ്ക്കിടെ ആത്മീയതയിലേക്ക് നീങ്ങുകയുമായിരുന്നു.
തന്നെ തേടി വരുന്നവര്‍ക്കായി ആത്മീയ പ്രഭാഷണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കി വരികയാണ് ഐഐടി ബാബയിപ്പോള്‍. യോഗ, വേദങ്ങള്‍, ആത്മീയ ദിനചര്യകള്‍ തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞുകൊടുത്ത് ‘മോക്ഷം’ തേടിയെത്തുന്നവരെ ആത്മീയമായി സഹായിക്കുകയാണ് താന്‍ എന്നാണ് ഐഐടി ബാബ അവകാശപ്പെടുന്നത്. സമൂഹമാധ്യമത്തിലടക്കം വിഡിയോകള്‍ പങ്കുവച്ച് സജീവമാണ് ഇദ്ദേഹം.
ഗ്ലാമറസ് സാധ്വി (ഹര്‍ഷ റിച്ചാരിയ)
രുദ്രാക്ഷ ജപമാലയും തിലകവും ധരിച്ച്, മേക്കപ്പും ലിപ്സ്റ്റിക്കുമിട്ടെത്തിയ 30ത് കാരിയായ ഹര്‍ഷ റിച്ചാരിയ കുംഭമേളയ്‌ക്കിടെ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. സന്യാസജീവിതത്തിലേക്കുള്ള ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീ ഇത്തരം ചമയങ്ങള്‍ ധരിക്കുന്നതിനെതിരെയായിരുന്നു വ്യാപകവിമര്‍ശനം.
സൗന്ദര്യത്തിന്റെയും ഭക്തിയുടെയും പ്രതീകമായാണ് ഹര്‍ഷയെന്ന് ആരാധകര്‍ പുകഴ്ത്തുന്നത്. ഇതിനകം തന്നെ ഹർഷ ആരെന്നറിയാനുള്ള ആകാംക്ഷയിലാണ് സോഷ്യൽ മീഡിയ. യഥാര്‍ഥത്തില്‍ ഹര്‍ഷ ഒരു ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സറും നടിയും മോഡലുമൊക്കെയാണ്. അവർ സന്യാസ പാത തിരഞ്ഞെടുത്തിട്ട് ചുരുക്കം വർഷം പിന്നിടുന്നതേയുള്ളൂ. ഹർഷ നിരഞ്ജനി അഖാഡയിലെ ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി കൈലാസാനന്ദ് ഗിരി ജി മഹാരാജിന്റെ ശിഷ്യയാണ്. താൻ സന്യാസിനിയാണെന്ന് ഇതുവരെ അവകാശപ്പെട്ടിട്ടില്ല, മന്ത്രദീക്ഷ മാത്രമേ എടുത്തിട്ടുള്ളൂ. സന്യാസിനിയാവാന്‍ ഇനിയും സമയം വേണമെന്നാണ് അവകാശപ്പെടുന്നത്.
രുദ്രാക്ഷ ബാബ
മഹാ കുംഭമേളയിൽ എത്തുന്ന ജനക്കൂട്ടം ഏറെ ആകർഷിക്കുന്ന സന്യാസിമാരിൽ ഒരാളാണ് ‘രുദ്രാക്ഷ ബാബ’ എന്നറിയപ്പെടുന്ന ഗീതാനന്ദ് മഹാരാജ്.
കഴിഞ്ഞ ആറ് വർഷമായി 45 കിലോഗ്രാം ഭാരമുള്ള 1.25 ലക്ഷം രുദ്രാക്ഷങ്ങളാണ് അദ്ദേഹം തലയിൽ ധരിക്കുന്നത്. തന്റെ തലയിൽ വെച്ചിരിക്കുന്ന ഓരോ രുദ്രാക്ഷവും അദ്ദേഹത്തിൻ്റെ ഭക്തർ സമ്മാനിച്ചതാണ്. ജുന അഖാരയുമായി ബന്ധമുള്ള ബാബ പഞ്ചാബിലെ കോട് കാ പൂർവ ഗ്രാമത്തിൽ നിന്നാണ് വരുന്നത്. കഠിനമായ ആചാരങ്ങൾക്ക് പേരുകേട്ട രുദ്രാക്ഷ ബാബ ശൈത്യകാലത്ത് 1,001 കലങ്ങളിൽ നിന്നുള്ള തണുത്ത വെള്ളത്തിൽ കുളിക്കുകയും വേനൽക്കാലത്ത് ധുനി ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
Story Highlights : IIT Baba to Rudraksha Baba, Viral Saints on Social Media Attend Kumbh Mela
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here