Advertisement

പത്തുപേരുമായി പൊരുതിപിടിച്ച സമനില; നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തളച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

January 18, 2025
2 minutes Read
KBFC vs NEU FC

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ലഭിച്ച ചുവപ്പുകാര്‍ഡിനെ തുടര്‍ന്ന് പത്തു പേരായി ചുരുങ്ങിയെങ്കിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരങ്ങളുടെ വീര്യത്തിന് മുന്നില്‍ പ്രതിരോധക്കോട്ട തീര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഒരു താരത്തിന്റെ കുറവ് മുതലെടുക്കാന്‍ ഇരമ്പിയാര്‍ത്ത നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റ, മധ്യനിരയെ ഫലപ്രദമായി പ്രതിരോധിക്കുകയായിരുന്നു ടീം ബ്ലാസ്റ്റേഴ്‌സ്. ഇടക്കെല്ലാം ലഭിക്കുന്ന അവസരങ്ങള്‍ ഗോളാക്കി മാറ്റാനുള്ള പരിശ്രമവും ആരാധകരുടെ കരഘോഷങ്ങള്‍ ലഭിക്കാന്‍ കാരണമായി. വിജയത്തിനു സമാനമായ സമനിലയാണ് ഇന്നത്തെ മത്സരത്തിലെന്ന് ആരാധകരും ഒന്നടങ്കം അഭിപ്രായപ്പെട്ടു. കളം നിറഞ്ഞ് കളിച്ച നോര്‍ത്ത് ഈസ്റ്റ് 18 ഷോട്ടുകളാണ് കേരളത്തിന്റെ പോസ്റ്റിനെ ലക്ഷ്യം വെച്ച് ഉതിര്‍ത്തത്. മറുഭാഗത്ത് നോര്‍ത്ത് ഈസ്റ്റിന്റെ ഗോളടി യന്ത്രം മൊറോക്കന്‍ താരം അലാദീന്‍ അജാരെ അവരുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചപ്പോള്‍ കേരളത്തിനായി സുന്ദരമായ നീക്കങ്ങള്‍ നടത്തിയത് നോവ സദോയി ആയിരുന്നു. അഡ്രിയാന്‍ ലൂണയും മികച്ച പാസുകളും നീക്കങ്ങളും ബ്ലാസ്റ്റേഴ്‌സിനായി പുറത്തെടുത്തു.

Read Also: ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർമാർ സഞ്ജുവിന്റെ കരിയർ തകർക്കുന്നു’; കെസിഎയെ വിമർശിച്ച് ശശി തരൂർ

30-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം അയ്ബന്‍ബ ദോലിങ് ചുവപ്പുകാര്‍ഡ് കണ്ടില്ലായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായിരുന്നേനെ എന്നും ചില ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. പത്ത് പേരുമായി പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിയുള്ള കളിയില്‍ ഗോളടിക്കാന്‍ അധിക ശ്രമങ്ങളൊന്നും തന്നെ കേരളത്തിന് നടത്താന്‍ കഴിയുമായിരുന്നില്ല. ബ്ലാസ്റ്റേഴ്‌സിലേക്ക് പുതുതായി എത്തിയ ദുസാന്‍ ലഗതോര്‍ അവസാന മിനിറ്റുകളില്‍ കളത്തിലിറങ്ങിയെങ്കിലും പറയത്തക്ക നീക്കങ്ങള്‍ നടത്താന്‍ ആയിരുന്നില്ല. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയുടെ പകരക്കാരനായിട്ടായിരുന്നു ലഗതോറിന്റെ വരവ്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാമത്തെ സമനിലയാണിത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഇൗ സമനിലയോടെ പതിനേഴ് മത്സരങ്ങളില്‍നിന്ന് 21 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അത്രയും മത്സരങ്ങളില്‍നിന്ന് 25 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് പോയിന്റ് ടേബിളില്‍ അഞ്ചാമതാണ്. 24ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Story Highlights: Kerala Blasters vs North East United match in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top