Advertisement

ആരാണ് റിങ്കു സിംഗിന്റെ പ്രതിശ്രുത വധു പ്രിയ സരോജ്; വിവാഹം ഇംഗ്ലണ്ട്-ഇന്ത്യ ട്വന്റി ട്വന്റി പരമ്പരക്ക് ശേഷം നടക്കുമോ?

January 20, 2025
Google News 2 minutes Read
Rinku Singh and Priya Saroj

രണ്ട് ഏകദിന മത്സരങ്ങളിലും മുപ്പത് ട്വന്റി ട്വന്റി അന്താരാഷ്ട്ര മത്സരങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുള്ള അലിഗഡില്‍ നിന്നുള്ള ക്രിക്കറ്റ് താരമാണ് 27 കാരനായ റിങ്കു സിംഗ്. റിങ്കു സിംഗിന്റെ വിവാഹം നടക്കാന്‍ പോകുന്നു എന്നതാണ് ക്രിക്കറ്റ് ലോകത്തെ പുതിയ വാര്‍ത്ത. പൊടുന്നനെയാണ് താരത്തിന്റെ കുടുംബം വിവാഹം സംബന്ധിച്ച വിവരങ്ങള്‍ ചില ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇതോടെ റിങ്കു വിവാഹം ചെയ്യാനിരിക്കുന്ന പെണ്‍കുട്ടി ആരെന്നായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ അന്വേഷണം. 26 കാരിയായ അഭിഭാഷകയും രാഷ്ട്രീയക്കാരിയുമായ പ്രിയ സരോജിനെയാണ് റിങ്കു വിവാഹം ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ മച്‌ലിഷഹര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ പ്രിയ സരോജ് നിലവില്‍ ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമാണ്. ജൗന്‍പൂര്‍ ജില്ലയിലെ കേരകത്ത് മണ്ഡലത്തില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി (എസ്പി) എംഎല്‍എയായ തൂഫാനി സരോജ് ആണ് പ്രിയയുടെ പിതാവ്. നിയമബിരുദം നേടിയ പ്രിയ വൈകാതെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മച്ച്ലിഷഹര്‍ ലോക്സഭാ സീറ്റില്‍ നിന്ന് 25-ാം വയസ്സിലാണ് വിജയിച്ച് ആദ്യമായി എംപിയാകുന്നത്. സിറ്റിംഗ് ബിജെപി എംപി ബിപി സരോജിനെ ഏകദേശം 35,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു വാരണാസി സ്വദേശിയായ പ്രിയയുടെ മുന്നേറ്റം.

Read Also: സഞ്ജു-കെസിഎ തര്‍ക്കം മുതലെടുക്കാന്‍ തമിഴ്‌നാടും രാജസ്ഥാനും; സഞ്ജുവിന് മറ്റ് ക്രിക്കറ്റ് അസോസിയേഷനുകളില്‍ നിന്ന് ക്ഷണം

ഇന്ത്യന്‍ ടി20 ടീമില്‍ നിര്‍ണായക സമയത്ത് മികവ് പുറത്തെടുക്കാറുളള റിങ്കു 2023-ലെ ഐപിഎല്ലില്‍ ഒരോവറില്‍ അഞ്ച് സിക്‌സ് അടക്കം 31 റണ്‍സടിച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ചപ്പോള്‍ അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് ആവശ്യമായിരിക്കെയാണ് അഞ്ച് സിക്‌സ് അടിച്ച് അത്ഭുതപ്പെടുത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ യാഷ് ദയാലിന്റെ ഓവറിലായിരുന്നു മാസ്മരിക പ്രകടനം. ഈ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിച്ചിരുന്നു. 55 ലക്ഷം രൂപക്ക് കൊല്‍ക്കത്ത ടീം നിലനിര്‍ത്തിയ താരത്തെ ഇത്തവണത്തെ മെഗാ താരലേലത്തിന് മുമ്പ് 13 കോടി രൂപക്കാണ് ടീം നിലനിര്‍ത്തിയത്. ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരനായ പിതാവ് റിങ്കു ഇന്ത്യന്‍ ടീമില്‍ എത്തിയശേഷവും തന്റെ പഴയ ജോലി തുടരുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കാര്യമായ അവസരം ലഭിക്കാതിരുന്നെങ്കിലും വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നേിടയിട്ടുണ്ട്. അതേ സമയം വിവാഹം എപ്പോഴുണ്ടാകുമെന്ന വിവരങ്ങള്‍ കുടുംബം വ്യക്തമാക്കിയിട്ടില്ല.

Story Highlights: Indian cricketer Rinku Singh is getting married

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here