Advertisement

പഴയ പന്തില്‍ മികവില്ല, ഷമി തിരിച്ചെത്തിയതും തിരിച്ചടി; ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് സിറാജ് പുറത്തായത് ഇങ്ങനെ

January 20, 2025
Google News 2 minutes Read
Mohammed Siraj and Rohit Sharma

ഫെബ്രുവരി 19 ന് പാകിസ്ഥാനിലും യുണൈറ്റഡ് അറബ് എമിറേറ്റുകളിലും ആരംഭിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചപ്പോള്‍ വലംകൈയ്യന്‍ സീമര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് ആരാധാകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യയുടെ സമീപകാല ക്യാമ്പുകളിലും മത്സരങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നിട്ടും 15 അംഗ ടീമില്‍ നിന്ന് സിറാജിനെ ഒഴിവാക്കിയതിനുള്ള കാരണങ്ങളുമായി എത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. സിറാജിനെ ഒഴിവാക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമെന്ന് പറയുന്ന ക്യാപ്റ്റന്‍ കാരണങ്ങള്‍ ഇപ്രകാരമാണ്. പഴയ പന്തില്‍ സിറാജിന് മികവ് കാട്ടാനാവുന്നില്ലെന്നും ന്യൂബോളില്‍ സിറാജിനെ ഇപ്പോള്‍ ഉപയോഗിക്കുന്നുമില്ലെന്നും അതിനാല്‍ നിവൃത്തിയില്ലാത്തതുകൊണ്ടാണ് സിറാജിനെ ഒഴിവാക്കിയതെന്നുമാണ് രോഹിത്ത് ശര്‍മ്മ വിശദീകരിക്കുന്നത്. പുതിയ പന്തിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ പന്തെറിയാന്‍ കഴിയുന്ന ബൗളര്‍മാരെയാണ് ടീമിലേക്കായി പരിഗണിച്ചതെന്നും അതിനാല്‍ സിറാജ് ഉള്‍പ്പെടാതെ പോകുകയായിരുന്നെന്നും രോഹിത്ത് വിശദീകരിക്കുന്നു.

അതേ സമയം മികച്ച ഫോമില്‍ കളിക്കുന്ന താരത്തെയാണ് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കിയതെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്. 2022-ല്‍ നടന്ന ഏകദിന മത്സരങ്ങളില്‍ 23.4 ശരാശരിയില്‍ 24 വിക്കറ്റെടുത്ത സിറാജ് 2023-ല്‍ 20.6 ശരാശരിയില്‍ 44 വിക്കറ്റുകള്‍ വീഴ്ത്തി മിന്നും ഫോമിലായിരുന്നു. ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജ് ഏകദിന ബൗളിംഗ് റാങ്കിംഗ് വന്നപ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്നു. അതേ സമയം കഴിഞ്ഞ വര്‍ഷം നിറം മങ്ങിയതും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പ്രതീക്ഷക്കൊത്ത് ഉയരാനാകാത്തതുമാണ് സിറാജിന് തിരിച്ചടിയായത്. മുഹമ്മദ് ഷമി പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയതും ജസ്പ്രീത് ബുംറ കളിക്കുമെന്നുള്ളതും സിറാജിന്റെ ക വഴിയടക്കുകയായിരുന്നു. എന്നാല്‍ പോയ വര്‍ഷം മൂന്ന് വിക്കറ്റ് എടുക്കാനെ താരത്തിനായുള്ളു. ഇതിന് കാരണവും ചില ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യ ആറ് ഏകദിനങ്ങള്‍ മാത്രമാണ് കളിച്ചത്. ഐസിസി ഏകദിന റാങ്കിംഗില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് സിറാജ്.

Story Highlights: Mohammad Siraj dropped from the champion’s trophy team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here