പ്രതിക്ക് വധശിക്ഷ വാങ്ങിക്കൊടുത്ത നാലാമത്തെ കേസായി ഗ്രീഷ്മയുടെ വിധി; സൂപ്പര്‍ പ്രോസിക്യൂട്ടര്‍ വി എസ് വിനീത് കുമാറിന് അഭിമാനിക്കാം

പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മക്ക് പരമാവധി ശിക്ഷ വാങ്ങിനല്‍കുന്നതില്‍ പൊലീസും പ്രോസിക്യൂഷനും പുലര്‍ത്തിയത് അതീവ ജാഗ്രത. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി എസ് വിനീത് കുമാര്‍ വാദിച്ച നാലാമത്തെ കേസിലാണ് പ്രതിക്ക് വധശിക്ഷ ലഭിക്കുന്നത്. വര്‍ക്കല സലീം കൊലപാതകം, ആറ്റിങ്ങല്‍ ഇരട്ട കൊലപാതകം, കോളിയൂര്‍ മരിയദാസന്‍ കൊലപാതകം എന്നീ കേസുകളിലാണ് വി എസ് വിനീത്കുമാറിന്റെ വാദങ്ങള്‍ ഇതിന് മുമ്പ് പരമാവധി ശിക്ഷയിലേക്ക് നയിച്ചത്.
കഷായത്തില്‍ വിഷം നല്‍കി കാമുകനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഗ്രീഷ്മക്ക് എതിരെ സാഹചര്യ തെളിവുകളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്നിട്ടും വിടവുകളില്ലാത്ത വിധം തെളിവുകള്‍ കോര്‍ത്തെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് പ്രോസിക്യൂഷന്റെ മിടുക്ക്. 95 സാക്ഷികള്‍. 323 രേഖകള്‍. 53 തൊണ്ടിമുതലുകള്‍. ഒടുവില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന വാദം സ്ഥാപിച്ചെടുക്കാനും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി എസ് വിനീത് കുമാറിന് സാധിച്ചു. ശാസ്ത്രീയമായി കേസ് അന്വേഷിച്ച് തെളിവുകള്‍ ശേഖരിച്ച പൊലീസിനെ കോടതി പ്രശംസിക്കുകയും ചെയ്തു. കേരള പൊലീസിന് കോടതിയില്‍ നിന്ന് ഇത്രയേറെ പ്രശംസ ലഭിച്ച കേസ് വേറെയുണ്ടാകില്ലെന്ന് വി എസ് വിനീത് കുമാര്‍. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കേസ് ആയിരുന്നു ഇതെന്നും വിനീത് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: ഷാരോണ്‍ രാജ് വധക്കേസ്: ഗ്രീഷ്മയ്ക്ക് വധശിക്ഷ
2011-ല്‍ ഗള്‍ഫ് വ്യവസായിയായ വര്‍ക്കല നരിക്കല്ലുമുക്കില്‍ സലീമിനെ കൊന്ന് 16 കഷണങ്ങളാക്കി കുഴിച്ചിട്ട കേസില്‍ തിരുവന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായത് വി എസ് വിനീത്കുമാര്‍ ആയിരുന്നു. ചിറയന്‍കീഴ് സ്വദേശിയായ ഒന്നാം പ്രതി ഷെരീഫിന് കോടതി വധശിക്ഷ വിധിച്ചു.
2014ലാണ് നാടിനെ വിറപ്പിച്ചുകൊണ്ട് ആറ്റിങ്ങലില്‍ ഇരട്ടക്കൊലപാതകം നടന്നത്. കഴക്കൂട്ടം ടെക്നോപാര്‍ക്കിലെ ജീവനക്കാരായിരുന്ന അനുശാന്തിയും കാമുകന്‍ നിനോ മാത്യുവും ഗൂഢാലോചന നടത്തി അനുശാന്തിയുടെ നാല് വയസുള്ള മകളെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ നിനോ മാത്യുവിന് വിചാരണക്കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ ഹൈക്കോടതി ഇത് ജീവപര്യന്തം കഠിനതടവാക്കി കുറച്ചു.
കോളിയൂര്‍ സ്വദേശി മരിയ ദാസിനെ വീട്ടില്‍കയറി തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവമാണ് പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ വി എസ് വിനീത്കുമാര്‍ മികവ് തെളിയിച്ച മറ്റൊരു കേസ്. ഈ കേസിലും ഒന്നാം പ്രതിക്ക് വധശിക്ഷ ലഭിച്ചു. ഹരിഹരവര്‍മ്മ കൊലപാതക കേസില്‍ പ്രതിക്ക് ഇരട്ടജീവപര്യന്തം ഉറപ്പാക്കാനും വി എസ് വിനീത്കുമാറിന് കഴിഞ്ഞു.
Story Highlights : public prosecutor v s vineeth kumar sharon murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here