‘ഗ്രീഷ്മയ്ക്ക് വധശിക്ഷ’ വിധിച്ചു; ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുമെന്ന് മെന്‍സ് അസോസിയേഷന്‍, ഉദ്ഘാടകനായി രാഹുൽ ഈശ്വർ

ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ (എകെഎംഎ). നാളെ (22/01/2025) രാവിലെ 11.30ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ആഹ്ളാദപ്രകടനം രാഹുല്‍ ഈശ്വറായിരിക്കും ഉദ്ഘാടനം ചെയ്യുക. പാലാഭിഷേകത്തെ കൂടാതെ പടക്കം പൊട്ടിച്ചും അസോസിയേഷൻ ആഘോഷം നടത്തും. അതേസമയം വിധിയെ എതിര്‍ത്ത ജസ്റ്റിസ് കെമാല്‍ പാഷക്കെതിരെയുള്ള പ്രതിഷേധവും സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
Read Also: ‘ഹണി റോസിനെ പിന്തുടർന്ന് ശല്യം ചെയ്‌തു’, ബോബിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി
കഴിഞ്ഞ ദിവസമാണ് ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഷാരോൺ അർപ്പിച്ച സ്നേഹത്തിലും വിശ്വാസത്തിലും വഞ്ചനകാട്ടി ഗ്രീഷ്മ നടത്തിയ കുറ്റകൃത്യം അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് നിരീക്ഷിച്ചാണ് എം എം ബഷീറിന്റെ ശിക്ഷാവിധി. വിവിധ വകുപ്പുകളിലായി ഗ്രീഷ്മയ്ക്ക് മൂന്നരലക്ഷം രൂപ പിഴയും ചുമത്തി. തുക ഷാരോണിന്റെ മാതാപിതാക്കൾക്ക് നൽകണം. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായർക്ക് തെളിവ്‌നശിപ്പിച്ച കുറ്റത്തിന് 3 വര്ഷം തടവും 50,000 രൂപ പിഴയും വിധിച്ചു.
എട്ടുമാസത്തിനിടെ നാലാമത്തെ കുറ്റവാളിക്കാണ് എഎം ബഷീർ വധശിക്ഷ വിധിക്കുന്നത്.2024 മേയിൽ സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തിയ റഫീക്ക ബീവിക്ക് എതിരായ കേസിലാണ് എഎം ബഷീർ ഇതിനുമുമ്പ് വധശിക്ഷ വിധിച്ചത്. 2 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 10 പേർക്ക് ജീവപര്യന്തവും വിധിച്ചു. 2024 ജനുവരിയിലാണ് എംഎം ബഷീർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജിയായി നിയമിതനാകുന്നത്.
Story Highlights : All Kerala Men’s Association to perform palabhishekam on the cutout of Judge AM Basheer who sentenced Greeshma to death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here