ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം ജഴ്‌സിയില്‍ ‘പാകിസ്താന്‍’ എന്ന് ഇല്ല; ബിസിസിഐ നടപടി വിവാദമാക്കി പാകിസ്താന്‍

വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ ജഴ്സിയില്‍ ‘പാകിസ്ഥാന്‍’ എന്ന പേര് അച്ചടിക്കാന്‍ അനുമതി നിഷേധിച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡി(ബിസിസിഐ) ന്റെ നടപടി വിവാദത്തില്‍. പാക്കിസ്ഥാനിലും ദുബായിലുമായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. പാകിസ്താനില്‍ കളിക്കാന്‍ കഴിയില്ലെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് എല്ലാ മത്സരങ്ങളും ദുബായില്‍ നടത്താന്‍ നേരത്തെ ഐസിസി തീരുമാനിച്ചിരുന്നു. എന്നാല്‍ പോലും ടൂര്‍ണമെന്റിന് ഔദ്യോഗികമായി ആതിഥ്യമരുളുന്ന രാജ്യം പാകിസ്ഥാന്‍ ആണ്. അതിനാല്‍ ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന ഓരോ ടീമിന്റെ ജഴ്‌സിയില്‍ ആതിഥേയ രാജ്യത്തിന്റെ പേര് കൂടി പ്രിന്റ് ചെയ്യണമെന്നാണ് ചട്ടം. ഇതാണ് ഇന്ത്യ നിരാകരിച്ചിരിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
ബിസിസിഐ ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുന്നതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്‍ ആരോപിച്ചു. ഐസിസി ഇവന്റുകളും ഏഷ്യ കപ്പും ഒഴിച്ചു നിര്‍ത്തിയാല്‍ രാഷ്ട്രീയമായ കാരണങ്ങളാല്‍ വര്‍ഷങ്ങളായി ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി മത്സരങ്ങള്‍ കളിക്കാറില്ല. ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നത് കളിക്ക് ഒട്ടും നല്ലതല്ലെന്നും പാക് ക്രിക്കറ്റ് ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ”അവര്‍ (ഇന്ത്യ) ആദ്യം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ചു. ഇപ്പോള്‍ ആതിഥേയ രാഷ്ട്രത്തിന്റെ (പാകിസ്ഥാന്‍) പേര് അവരുടെ ജേഴ്‌സിയില്‍ അച്ചടിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റിന്റെ ലോക ഗവേണിംഗ് ബോഡി (ഐസിസി) ഇത് അനുവദിക്കില്ലെന്നും പാകിസ്ഥാനെ പിന്തുണയ്ക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.”-പാക് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
Story Highlights: BCCI Refuses To Print Pakistan’s Name On Team India’s Jersey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here