Advertisement

CPIM പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ എൻ സുരേഷ് ബാബു തുടരും; ജില്ലാ കമ്മിറ്റിയിൽ 8 പുതുമുഖങ്ങൾ

January 23, 2025
2 minutes Read
en suresh babu

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ എൻ സുരേഷ്ബാബു തുടരും. ഇത് രണ്ടാം തവണയാണ് സുരേഷ് ബാബു ജില്ലാ സെക്രട്ടറിയാവുന്നത്. ചിറ്റൂരിൽ നടക്കുന്ന സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനമാണ് സുരേഷ് ബാബുവിനെ വീണ്ടും തിരഞ്ഞെടുത്തത്.

അമ്പത്തിനാലുകാരനായ സുരേഷ്‌ബാബു വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലൂടെയാണ്‌ പൊതുരംഗത്തേക്ക് കടന്നുവന്നത്‌. എസ്എഫ്ഐ ചിറ്റൂർ ഏരിയ പ്രസിഡന്റും ഡി വൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായിട്ടുണ്ട്. സിപിഐഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായും ചിറ്റൂർ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റും മലബാർ സിമന്റ്സ് ഡയറക്ടറുമാണ്. ചിറ്റൂർ പെരുമാട്ടി സ്വദേശിയാണ് സുരേഷ് ബാബു.

Read Also: കായിക മേളയിലെ പ്രതിഷേധം; വിലക്ക് പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകമെന്ന് മന്ത്രി വി ശിവൻകുട്ടി

എട്ട് പുതുമുഖങ്ങളാണ് പുതിയതായി തിരഞ്ഞെടുത്ത പുതിയ ജില്ലാ കമ്മിറ്റിയിൽ ഇടം നേടിയത്. ആർ.ജയദേവൻ, എൻ സരിത, സി പി പ്രമോദ്, എൻ ബി സുഭാഷ്, ടി കെ അച്യുതൻ, ടി കണ്ണൻ, ഗോപാലകൃഷ്ണൻ, സി ഭവദാസ് എന്നിവരാണ് ജില്ലാകമ്മിറ്റിയിലെ പുതുമുഖങ്ങൾ.

44 അംഗ ജില്ലാ കമ്മറ്റി

അതേസമയം, നിലവിലെ ജില്ലാ കമ്മിറ്റിയിൽ നിന്നും അഞ്ച് പേരെ ഒഴിവാക്കിയിട്ടുണ്ട്. ടി എൻ കണ്ടമുത്തൻ, എ അനിതാനന്ദൻ, ഗിരിജാ സുരേന്ദ്രൻ, വിനയകുമാർ, വി കെ ജയപ്രകാശ് എന്നിവരെയാണ് ഒഴിവാക്കിയത്. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

മുതിർന്ന നേതാവ് എൻ എൻ കൃഷ്ണദാസ്,പി കെ ശശി,എ കെ ബാലൻ,കെ കൃഷ്ണൻകുട്ടി എന്നിവർക്കെതിരെ പ്രവർത്തന റിപ്പോർട്ടിലും പ്രതിനിധികളുടെ ഭാഗത്ത്നിന്നും വിമർശനം ഉയർന്നത് മാറ്റി നിർത്തിയാൽ കാര്യമായ വിവാദങ്ങളില്ലാതെയാണ് സമ്മേളനകാലം കടന്നുപോയത്.

പാർട്ടി നടപടി നേരിട്ട മുൻ എംഎൽഎ പി കെ ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജില്ലാ സമ്മേളനത്തിൽ ആവശ്യം ഉയർന്നിരുന്നു. ഗുരുതരമായ പിഴവുകൾ ശശിയുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടും ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാത്തത് ശരിയല്ലെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി.

നെല്ലിന്റെ സംഭരണ തുക വിതരണത്തില്‍ പാളിച്ചകള്‍ സംഭവിച്ചതില്‍ സര്‍ക്കാരിനെതിരെയും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ വിവാദപ്രസ്താവനകള്‍ നടത്തിയ സംസ്ഥാന കമ്മിറ്റി അംഗമായ എന്‍ എന്‍ കൃഷ്ണദാസ് സ്വയം തിരുത്തി, മുതിര്‍ന്ന നേതാവിന്റെ പക്വത കാണിക്കണമെന്നും വിമര്‍ശനമുയർന്നു.

Story Highlights : CPIM Palakkad District Secretary EN Suresh Babu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top