എമ്പുരാന് വേണ്ടി പൃഥ്വിരാജ് എഴുതി, പാടിയത് പ്രാർത്ഥന ഇന്ദ്രജിത്ത്

മോഹൻലാൽ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച് ഖുറേഷി എബ്രഹാമിന്റെ വരവറിയിച്ച, എമ്പുരാന്റെ ടീസർ യൂട്യൂബിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ, ടീസർ തീം സോങിനെ പറ്റി പുതിയ വിശേഷം പങ്കു വെച്ച് അണിയറപ്രവർത്തകർ. ‘ലൈക്ക് എ ഫ്ലെ യിം ബെർണിൻ ഔട്ട്’ എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, ദീപക് ദേവ് ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ഇന്ദ്രജിത്ത് സുകുമാരന്റെ മകൾ പ്രാർത്ഥന ഇന്ദ്രജിത്തും ആണ്.
എമ്പുരാന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെ അണിയറപ്രവർത്തകർ തന്നെയാണ് വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഹെലൻ എന്ന ചിത്രത്തിലെ ‘താരാപഥമാകെ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ പ്രാർത്ഥന ഇന്ദ്രജിത്തിലെ ഗായികയെ മലയാളി പ്രേക്ഷകർക്ക് മുൻപും പരിചയമുണ്ട് എങ്കിലും പ്രിത്വിരാജിന്റെ രചനയിൽ അതും എമ്പുരാനിൽ ഇങ്ങനെയൊരു സർപ്രൈസ് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ആരാധകർ പോസ്റ്റിനു കീഴിൽ കമ്മന്റ് ചെയ്യുന്നത്.
ഗാനത്തിന്റെ വരികളിൽ പ്രിത്വിരാജ്, സിനിമയുടെ കഥയുമായി ബന്ധപ്പെട്ട എന്തെങ്കിലും രഹസ്യങ്ങൾ ഒളിപ്പിച്ചിട്ടുണ്ടോ? എന്ന ചർച്ചയിൽ ആണ് സോഷ്യൽ മീഡിയ. “അണയാനൊരുങ്ങുന്ന തീനാളം പോലെ, ശമിക്കാനൊരുങ്ങുന്ന കൊടുങ്കാറ്റ് പോലെ, തിരിച്ചുപോക്കില്ലാത്തൊരിടം പോലെ, എന്നെന്നേക്കുമായി പൊയ്പ്പോകുന്ന ഒരു അന്ത്യമാണോ ഇത്? അവിടൊരു പ്രകാശമോ, പ്രതീക്ഷയോ, അവസാന പോരാട്ടമോ ഉണ്ടോ? അതോ ഒന്നുമറിയാതെ ഒരു കള്ളമാണോ നമ്മളീ ജീവിച്ച് തീർക്കുന്നത്? എന്നാണ് ടീസറിലെ ഗാനശകലത്തിന്റെ അർഥം.
ഗാനത്തിന്റെ പൂർണ്ണരൂപം ചിത്രത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, വരികളനുസരിച്ച് ക്ലൈമാക്സ് രംഗങ്ങളിലാവും ഗാനമുണ്ടാകുക എന്നുമെല്ലാം ഫാൻ തിയറികൾ ഉണ്ട്. എമ്പുരാന്റെ ടീസർ ഇതിനകം 4.7 മില്യൺ കാഴ്ചക്കാരെയും 328k ലൈക്കും നേടിയിട്ടുണ്ട്. 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടുന്ന മലയാളം ടീസർ എന്ന റെക്കോർഡ് 18 മണിക്കൂറുകൾക്കൊണ്ട് എമ്പുരാൻ സ്വന്തമാക്കി.
Story Highlights : Empuraan teaser song is written by Prithviraj and sung by Prathanna Indrajith
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here