സ്‌കൂളിലെ രക്ഷിതാക്കൾക്ക് ആശങ്ക, ലൈംഗിക ആരോപണം നേരിട്ട DYFI നേതാവ് സുജിത് കൊടക്കാടന് ജോലിയിൽ വിലക്ക്

ലൈംഗിക ആരോപണം നേരിട്ട മുൻ ഡി വൈ എഫ് ഐ നേതാവ് സുജിത് കൊടക്കാടന് ജോലിയിലും വിലക്ക്. അദ്ധ്യാപകനായ സുജിത്തിനോട് ദീർഘകാല അവധിയിൽ പോകാൻ മാനേജ്‌മെന്റ് നിർദ്ദേശം നൽകി. ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ മാനേജ്മെന്റ് ആണ് സുജിത്തിന് വിലക്ക് ഏർപ്പെടുത്തിയത്. യുവതികളുടെ ആരോപണം സംബന്ധിച്ച് സുജിത്തിനോട് വിശദീകരണം തേടും. രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുത്താണ് സ്കൂൾ മാനേജ്‌മെന്റിന്റെ നടപടി.
സിപിഐഎം ഏരിയാകമ്മിറ്റി അംഗവും, ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയുമായ സുജിത് കൊടക്കാടിനെ പാര്‍ട്ടിയുടെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. നേരത്തെ സുജിത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. പിന്നാലെ സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തി. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേർന്നാണ് നടപടി.
കഴിഞ്ഞ ദിവസം സുജിത്തിനെതിരെ സമൂഹമാധ്യമത്തില്‍ യുവതി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ പൊലീസിന് പരാതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയനാണ് സുജിത്ത്. പ്രത്യേകിച്ചും പുസ്തക നിരൂപണങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകളാണ് ഇയാള്‍ ചെയ്തിരുന്നത്.
Story Highlights : sujith kodakkad expelled from job
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here