Advertisement

‘മേനകാ ഗാന്ധിക്ക് ഒരേക്കര്‍ ഭൂമി സൗജന്യമായി നല്‍കാം, വയനാട്ടില്‍ താമസിക്കൂ’; കത്തുമായി സിപിഐ ജില്ലാ സെക്രട്ടറി

January 29, 2025
Google News 2 minutes Read
cpi leader letter to maneka gandhi

വയനാട്ടിലെ നരഭോജി കടുവയെ വെടിവച്ച് കൊല്ലുവാന്‍ ഉത്തരവിട്ടതിനെതിരെ മേനക ഗാന്ധി നടത്തിയ വിമര്‍ശനങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കത്തുമായി സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു. നാടിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ മേനക ഗാന്ധി വയനാട്ടില്‍ വന്ന് താമസിക്കണമെന്നും ഇതിനായി ഒരേക്കര്‍ ഭൂമി സൗജന്യമായി തരാന്‍ തങ്ങള്‍ തയ്യാറാണെന്നും പറഞ്ഞുകൊണ്ടാണ് മേനകാ ഗാന്ധിയ്ക്കായി സിപിഐയുടെ തുറന്ന കത്ത്. (cpi leader letter to maneka gandhi)

വനംകൈയ്യേറ്റം നടന്നതുകൊണ്ടാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതെന്ന മേനകാ ഗാന്ധിയുടെ നിരീക്ഷണം ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1947ല്‍ സ്വാതന്ത്ര്യം പ്രാപിക്കുന്ന സമയത്ത് വയനാട്ടില്‍ ഉണ്ടായിരുന്ന ഫോറസ്റ്റിന്റെ വിസൃതിയില്‍ ഏതാണ്ട് 25% ത്തോളം ഭൂമി ഇപ്പോള്‍ വനമായി വര്‍ദ്ധിച്ചിട്ടുണ്ട്. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പാസായതിനുശേഷം വയനാട്ടിലെ കാടുകളില്‍ വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഞങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന, ഞങ്ങളുടെ കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ പിന്നെ എന്താണ് ചെയ്യേണ്ടതെന്ന് പറയണമെന്നും മേനകാ ഗാന്ധിയ്ക്ക് അയച്ച തുറന്ന കത്തില്‍ ഇ ജെ ബാബു ചോദിക്കുന്നു.

Read Also: ഇന്ത്യയിൽ മലയാളം സിനിമ മാത്രമാണ് വളരുന്നത് ; മണിരത്നം

കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ:

To ശ്രീമതി മേനകാ ഗാന്ധി
ഡല്‍ഹി

ബഹുമാന്യയായ മാഡം

വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലുവാന്‍ ഉത്തരവിട്ടതിനെതിരെ താങ്കള്‍ നല്‍കിയ സ്റ്റേറ്റ്‌മെന്റ് ആണ് ഈ കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചിട്ടുള്ളത്. താങ്കളുടെ സ്റ്റേറ്റ്‌മെന്റില്‍ വനം കയ്യേറ്റം നടന്നതു കൊണ്ടാണ് വന്യമൃഗങ്ങള്‍ കാടു വിട്ട് നാട്ടിലേക്ക് ഇറങ്ങുന്നതെന്നും, ഭക്ഷണ വസ്തുവായ കാട്ടുപന്നികളെ വെടിവെച് കൊല്ലുന്നതിനാല്‍ കടുവകള്‍ക്ക് ആഹാരം ഇല്ലാത്തതിനാല്‍ അവ കാടുവിട്ട് പുറത്തിറങ്ങുമെന്നും താങ്കള്‍ പറയുന്നു. അക്കാദമിക്ക് വിവരശേഖരണത്തിന്റെ ഭാഗമായി താങ്കള്‍ പറയുന്ന കാര്യങ്ങള്‍ പ്രഥമ ദൃഷ്ടി യാ ശരിയെന്ന് തോന്നുമെങ്കിലും വയനാട്ടിലെ വസ്തുതകള്‍ താങ്കള്‍ പറഞ്ഞതല്ല. ഇന്ത്യയില്‍ശരാശരി 16 ശതമാനം മാത്രം വനവിസ്തൃതി ഉള്ളപ്പോള്‍ വയനാട് ജില്ലയില്‍ ആകെ യുള്ള ഭൂമിയുടെ 38 ശതമാനം വനമാണ്. അതായത് 2131 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വയനാട്ടില്‍ 820 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയും വനമാണ്. ഇതില്‍ തന്നെ 344 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വയനാട് വൈല്‍ഡ് ലൈഫ് സാന്‍ഞ്ചറി കഴിച്ചാല്‍ ബാക്കിയുള്ളത് അനേകം ബീറ്റ് ഫോറസ്റ്റുകള്‍
അടക്കമുള്ള വെസ്റ്റേഡ് ഫോറസ്റ്റ് ആണ്. 1970ലെ വെസ്റ്റിങ്ങ് ആന്‍ഡ് അസൈമെന്റ് ആക്ട് പ്രകാരം ഭൂരഹിതരായ ആളുകള്‍ക്ക് പതിച്ചു കൊടുക്കുവാന്‍ വേണ്ടി പിടിച്ചെടുത്ത ഭൂമിയാണ് പിന്നീട് വെസ്റ്റഡ്‌ഫോറസ്റ്റ് ആയി മാറിയിട്ടുള്ളത്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുന്നതുമാണ്. 1947ല്‍ സ്വാതന്ത്ര്യം പ്രാപിക്കുന്ന സമയത്ത് വയനാട്ടില്‍ ഉണ്ടായിരുന്ന ഫോറസ്റ്റിന്റെ വിസൃതിയില്‍ ഏതാണ്ട് 25% ത്തോളം ഭൂമി ഇപ്പോള്‍ വനമായി വര്‍ദ്ധിച്ചിട്ടുണ്ട്. വയനാട്ടില്‍ ഫോറസ്റ്റിന്റെ വിസ്തൃതി കുറഞ്ഞുവെന്ന താങ്കളുടെ സ്റ്റേറ്റ്‌മെന്റ് അവാസ്തവമാണ്.

1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പാസായതിനുശേഷം വയനാട്ടിലെ കാടുകളില്‍ വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. മാത്രമല്ല വയനാട്ടിനോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാട് കര്‍ണാടക സംസ്ഥാനത്തിലെ ഫോറസ്റ്റുകളില്‍ നിന്നും,നല്ല കാലാവസ്ഥയും ഭക്ഷണവും ഉള്ള വയനാടന്‍ കാടുകളിലേക്ക് വേനല്‍ക്കാലത്ത് വന്യമൃഗങ്ങള്‍ കടന്നുവരുന്നുമുണ്ട്. ഇത്രയും ചെറിയ ഭൂവിസ്തൃതിയുള്ള വയനാടന്‍ കാടുകളില്‍ 150-ല്‍ പരം കടുവകളും 500-ല്‍ അധികം ആനകളും ജീവിക്കുന്നുണ്ട്. വന്യജീവികളുടെ ആവാസ വ്യവസ്ഥയെ സംബന്ധിച്ച് കൂടുതല്‍ അറിയുന്ന താങ്കള്‍ ഇക്കാര്യത്തില്‍ എക്‌സ്‌പെര്‍ട്ട് ആണല്ലോ. കേവലം 320 ചതുരശ്ര കിലോമീറ്റര്‍ ഉള്ള വയനാട് വൈല്‍ഡ് ലൈഫ് സാന്‍ഞ്ച്വറിയില്‍ എങ്ങനെയാണ് നൂറ്റമ്പതില്‍പരം കടുവകള്‍ ജീവിക്കുക ? എങ്ങനെയാണ്500-ല്‍ അധികം ആനകള്‍ ജീവിക്കുക ?

വനംവകുപ്പിന്റെ വികലമായ നയീ കൊണ്ട് നിലവിലുണ്ടായിരുന്ന വനത്തില്‍ 40% ത്തോളം വെട്ടിത്തെളിച്ച് അവിടെ തേക്ക്, യൂക്കാലിമരങ്ങ ളുടെ ഏകവിള തോട്ടങ്ങള്‍ വെച്ചുപിടിപ്പിച്ചിരിക്കുകയാണ്. ഈ സ്ഥലത്ത് വന്യമൃഗങ്ങള്‍ക്ക് ഒരു ഭക്ഷ്യ വസ്തുവും ഇല്ല. തേക്ക് തോട്ടങ്ങളിലെ ചൂടുകൊണ്ട് മൃഗങ്ങള്‍ക്ക് അവിടെ നില്‍ക്കാന്‍ പോലും സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മൃഗങ്ങള്‍ കാടു വിട്ട് നാട്ടിലേക്ക് ഇറങ്ങുന്നത്.
ഞങ്ങള്‍ വയനാട്ടിലെ കൃഷിക്കാര്‍ മൃഗങ്ങളെയും കാടിനെയും സ്‌നേഹിക്കുന്നവരാണ്. ഞങ്ങളാണ് ഈ പ്രകൃതിയെ സംരക്ഷിക്കുന്നവര്‍. 8 ലക്ഷം ജനങ്ങള്‍ മാത്രം താമസിക്കുന്ന ഈ ചെറിയ ജില്ലയില്‍ 1980 ന് ശേഷം 163 ആളുകള്‍ കാട്ടാനയുടെ ആക്രമണത്താല്‍ മരിച്ചിട്ടുണ്ട്. 2015 നു ശേഷം പത്തു വര്‍ഷത്തിനുള്ളില്‍ എട്ട് ആളുകളെയാണ് കടുവ കടിച്ചുകീറി ഭക്ഷിച്ചത്. കാട്ടുപന്നിയും കുരങ്ങും മയിലും മാനും നശിപ്പിക്കാത്ത ഒരിഞ്ച് കൃഷിഭൂമി പോലും ഇന്ന് വയനാട്ടില്‍ ഇല്ല. കാര്‍ഷിക മേഖലയായ ഈ പ്രദേശത്തെ ജനങ്ങള്‍ കൃഷി ഉപേക്ഷിച്ച് നാടുവിട്ടു പോകുന്നു.
മേഡം, ഞങ്ങള്‍ക്കും ഇവിടെ ജീവിക്കേണ്ടേ! ഞങ്ങള്‍ക്ക് കൃഷി ചെയ്യേണ്ടേ ! ഞങ്ങളെ കൊന്നു തിന്നുന്ന, ഞങ്ങടെ മക്കളെ ഭക്ഷണമാക്കുന്ന, ഞങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്ന, ഞങ്ങളുടെ കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ എന്തു ചെയ്യണം.

വിദേശരാജ്യങ്ങളില്‍ വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ കള്ളിംങ്ങ്‌നടത്തുന്ന സംവിധാനങ്ങള്‍ ഉള്ളതായി നമുക്ക്ക്കറിയാം. എന്തുകൊണ്ട് അത് ഇവിടെ നടത്തിക്കൂടാ. ഇവിടത്തെ വനത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തആനകളെയും കടുവകളെയും പിടിച്ച് ഇവകള്‍ ഇല്ലാത്ത വനത്തിലേക്ക് എന്തുകൊണ്ട് മാറ്റിക്കൂടാ. കാടും നാടും വേര്‍തിരിക്കുന്ന വിധത്തില്‍, കാട്ടില്‍ നിന്ന് മൃഗങ്ങള്‍ നാട്ടിലേക്ക് കടക്കാത്ത വിധത്തില്‍ ആവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ലേ. മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന വിധത്തില്‍ നിലവിലുള്ള തേക്കു,യുക്കാലിപ്റ്റ്‌സ് തോട്ടങ്ങളെ സ്വാഭാവിക വനങ്ങളാക്കാന്‍ കഴിയില്ലേ. ഇതിനെല്ലാം ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ട്. നിങ്ങളെക്കാള്‍ അധികം മൃഗങ്ങളെയും വനങ്ങളെയും സ്‌നേഹിക്കുന്നവരാണ് ഞങ്ങള്‍.

ഞങ്ങളില്‍ ഒരാള്‍ ആകുവാന്‍ നിങ്ങള്‍ക്ക് കഴിയുമോ.? ഞങ്ങളെപ്പോലെ കഷ്ടപ്പെട്ട് കൃഷിയെടുത്ത് ജീവിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമോ.? എങ്കില്‍ വരൂ വയനാട്ടിലേക്ക്. ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമി തരാം. ഇവിടെ താമസിച്ച് കൃഷിയെടുത്ത് ജീവിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമോ. തുടക്കത്തില്‍ ഒരേക്കര്‍ ഭൂമി നിങ്ങള്‍ക്ക് സൗജന്യമായി നല്‍കാം. പിന്നിട് എത്ര വേണമെങ്കിലും നല്‍കാം. കൃഷിയെടുക്കാം ! പ്രകൃതിയെ സ്‌നേഹിച്ചു കൊണ്ട് ഇവിടെ ജീവിക്കാം. ഞങ്ങളില്‍ ഒരാള്‍ ആകുവാന്‍ നിങ്ങള്‍ക്ക് കഴിയുമോ. എങ്കില്‍ വരൂ.

ബഹുമാനത്തോടെ
ഇ ജെ ബാബു
സെക്രട്ടറി
സിപിഐ
വയനാട് ജില്ലാ കൗണ്‍സില്‍

Story Highlights : cpi leader letter to maneka gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here