തിക്കും തിരക്കും; മഹാകുംഭമേള സ്പെഷ്യൽ ട്രെയിനുകൾ താൽക്കാലികമായി നിർത്തി

പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേള സ്പെഷ്യൽ ട്രെയിനുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്പെഷ്യൽ ട്രെയിനുകൾ ഉണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഏകദേശം 8 മുതൽ 10 കോടി വരെ ഭക്തരാണ് കുംഭമേളയുടെ ഭാഗമാകാൻ പ്രയാഗ്‌രാജിൽ എത്തിയിരിക്കുന്നത്.
സ്ഥലത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അഖാഡ മാർഗിലെ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഒരു കിംവദന്തിക്കും ചെവികൊടുക്കരുത്. കുറച്ച് ഭക്തർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. അവരെ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. നല്ല ചികിത്സ ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു. ഭക്തരുടെ തിരക്ക് കുറഞ്ഞുകഴിഞ്ഞ ശേഷമേ സ്നാനത്തിനായി പോകൂ എന്ന് അഖാഡകളിലെ സന്യാസിമാർ അറിയിച്ചിട്ടുണ്ട് യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Read Also: മഹാകുംഭമേളയില്‍ തിക്കും തിരക്കും: പത്തുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
അതേസമയം, മഹാകുംഭമേളയ്ക്കിടെയുണ്ടായ അപകടത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആരോപിച്ചു. വിഐപി സന്ദർശനമാണ് അപകടത്തിന് കാരണമെന്നും രാഹുൽ പറഞ്ഞു. സ്ഥലത്തെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനായി ഉന്നതതലയോഗം ചേർന്നിട്ടുണ്ട്.
ഇന്ന് പുലർച്ചയോടെയാണ് ‘മൗനി അമാവാസി’ ആഘോഷിക്കാൻ ത്രിവേണി സംഗമത്തിലെത്തിയ ഭക്തർ തടിച്ചുകൂടിയതാണ് അപകടത്തിലേക്ക് വഴിവെച്ചത്. 70 പേരെയെങ്കിലും പരിക്കേറ്റിട്ടുണ്ടെന്ന് മാധ്യമപ്രവർത്തകനായ പിഎം നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേരെ കാണാതായിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി.
Story Highlights : Mahakumbh Mela special trains have been suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here