മഹാകുംഭമേളയില്‍ തിക്കും തിരക്കും: പത്തുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പത്തുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. പത്തുകോടി ഭക്തര്‍ പങ്കെടുക്കുന്ന അമൃത് സ്‌നാനത്തിന് തൊട്ടുമുന്‍പാണ് അപകടമുണ്ടായത്. ഭക്തര്‍ ഇരച്ചെത്തിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ മേള ഗ്രൗണ്ടിനകത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഗത്തിലേക്കുള്ള വഴിയിലെ ബാരിക്കേഡുകള്‍ തകര്‍ന്നാണ് നിരവധി ഭക്തര്‍ക്ക് പരുക്കേറ്റതെന്നും സ്ഥിതിഗതികള്‍ ഗുരുതരമല്ലെന്നും സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ അകാന്‍ക്ഷ റാണ മാധ്യമങ്ങളോട് പറഞ്ഞു. ( stampede at the Maha Kumbh several people injured)
രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. എഴുപതിലധികം പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റതായാണ് പ്രാഥമിക വിവരം. തിക്കിലും തിരക്കിലും 15 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് മഹാകുംഭമേള സ്ഥലത്തെ ഡോക്ടര്‍മാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
Read Also: ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; സെഞ്ച്വറി അടിച്ച് ശ്രീഹരിക്കോട്ട; GSLV – F15 NVS – 02 വിക്ഷേപണം വിജയകരം
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ അമൃത് സ്‌നാനില്‍ പങ്കെടുക്കേണ്ടെന്ന് അഖില ഭാരതിയ അഖാര പരിഷത്ത് തീരുമാനിച്ചു. സംഗമത്തില്‍ മുങ്ങിക്കുളിച്ച ശേഷം എല്ലാവരും വളരെവേഗം സ്ഥലത്തുനിന്ന് ഒഴിയണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. തിക്കിലും തിരക്കിലും പെട്ട് ഭക്തരുടെ നിരവധി സംഘങ്ങളും കുടുംബങ്ങളും വേര്‍പിരിഞ്ഞെന്നും ആളുകള്‍ ബന്ധുക്കളെ തിരഞ്ഞുനടക്കുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Story Highlights : stampede at the Maha Kumbh several people injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here